ഗാസയില്‍ വെടിനിര്‍ത്തല്‍, 60 ദിവസത്തെ കരാറിന് സമ്മതിച്ച് ഹമാസ്; ബന്ദികളെ കൈമാറും

Monday 18 August 2025 10:22 PM IST

ഗാസ സിറ്റി: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന് ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്. 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് ഹമാസ് അംഗീകരിച്ചുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ഘട്ടങ്ങളിലായി ബന്ദികളെ കൈമാറുമെന്നും വെടിനിര്‍ത്തലിന് ഹമാസ് സമ്മതം മൂളിയതായും അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തര്‍, ഈജിപ്റ്റ്, യുഎസ്എ എന്നിവരുടെ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തലിന് ധാരണയായതെന്നാണ് വിവരം.

രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് വാര്‍ത്ത പുറത്തുവിട്ടത്. മുന്നോട്ട് വച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ ഒരു ഭേദഗതിയും ആവശ്യപ്പെടാതെയാണ് കരാറിന് ഹമാസ് സമ്മതിച്ചതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഹമാസ് വൃത്തങ്ങള്‍ എഎഫ്പിയോട് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇസ്രായേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടര്‍ന്ന് വരികയാണ്.

60 ദിവസത്തെ വെടിനിര്‍ത്തലിനും തുടര്‍ന്ന് ഹമാസ് തടവിലാക്കിയ 10 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ഈജിപ്റ്റ്-ഖത്തര്‍ നിര്‍ദേശം ഹമാസ് തത്വത്തില്‍ സമ്മതിച്ചതായി ദി നാഷനലും റിപ്പോര്‍ട്ട് ചെയ്തു. തടവിലായിരിക്കെ മരിച്ച 18 ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങളും കൈമാറാന്‍ ഹമാസ് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.