കുരുന്ന് കൈപിടിച്ച് പേരന്റിങ് ക്ലിനിക്കുകൾ, ആശ്വാസമായത് ആയിരങ്ങൾക്ക്
തൊടുപുഴ: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പേരന്റിങ് ക്ലിനിക്കുകൾ കുരുന്നുകളുടെ കൈ പിടിച്ച് കുടുംബങ്ങൾക്ക് കരുതലൊരുക്കുന്നു. തിരക്കുപിടിച്ച ജീവിതവും പഠനഭാരവും സാമൂഹികമാദ്ധ്യമങ്ങളുടെ അമിത ഉപയോഗവുമെല്ലാം കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധങ്ങളെ സങ്കീർണമാക്കുകയാണ്. കുട്ടികളിലുണ്ടാകുന്ന സ്വഭാവ, വൈകാരിക, സാമൂഹിക, മാനസിക ആരോഗ്യ പ്രശ്നങ്ങളെ മനസിലാക്കുന്നതോടൊപ്പം അത് പരിഹരിക്കാൻ മാതാപിതാക്കൾക്ക് വഴികാട്ടിയാകലാണ് പേരന്റിങ് ക്ലിനിക്കുകളുടെ ലക്ഷ്യം. ക്ലിനിക്കുകളിലൂടെ ജില്ലയിൽ പുതുജീവിതത്തിലേക്ക് തിരികെയെത്തിയത് ആയിരങ്ങളാണ്. 2021ൽ സംസ്ഥാനത്ത് ആരംഭിച്ച ക്ലിനിക്കുകളുടെ സേവനം തികച്ചും സൗജന്യമാണ്. തിരക്കേറിയ ജീവിത്തിനിടയിൽ മാതാപിതാക്കളും കുട്ടികളും തമ്മിലുളള ബന്ധങ്ങളിലെ അകൽച്ചയാണ് പല പ്രശ്നങ്ങൾക്കും കാരണമെന്ന തിരിച്ചറിവിൽ നിന്നാണ് ക്ലിനിക്കുകളുടെ പ്രവർത്തനം. കുട്ടികളുടെ മാനസികാരോഗ്യത്തിന് അടിത്തറയിടേണ്ടത് മാതാപിതാക്കളാണെന്നതിനാൽ കളിചിരികളുമായി അവർക്കൊപ്പം കൂടുകയും പ്രശ്നങ്ങളറിഞ്ഞ് അവരെ ചേർത്ത് പിടിക്കുകയും ചെയ്യണം. സാമൂഹ്യ തിന്മകളിൽ നിന്നകന്ന് നേർവഴി കാണിച്ച് കൊടുക്കേണ്ടതിന്റെയും പ്രഥമ ഉത്തരവാദിത്തവും മാതാപിതാക്കൾക്കാണ്. പേരന്റിങ് ക്ലിനിക്കുകളിലെത്തുന്ന മാതാപിതാക്കളെ പരിശീലിപ്പിക്കുന്നതും ഇതാണ്. കുട്ടികളുടെ പ്രശ്നങ്ങളെ മനസിലാക്കുന്നതോടൊപ്പം അത് പരിഹരിക്കാൻ മാതാപിതാക്കളെ പ്രാപ്തരാക്കുകയെന്ന ദൗത്യവും പേരന്റിങ് ക്ലിനിക്കുകൾ നിർവ്വഹിക്കുന്നു. ജില്ലാ ശിശുസംരക്ഷണ ഓഫീസർ വി.ഐ. നിഷ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ സോഷ്യൽ വർക്കർ ജ്യോത്സന എന്നിവരാണ് പ്രവർത്തനങ്ങളുടെ നേതൃത്വം.
സഹായം ലഭിച്ചത്
ഏഴായിരത്തിലേറെ പേർക്ക്
ജില്ലയിൽ എട്ട് പേരന്റിംഗ് ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്. ഇടുക്കി, തൊടുപുഴ, ഇളംദേശം, ദേവികുളം, അടിമാലി, നെടുങ്കണ്ടം, കട്ടപ്പന, അഴുത ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലാണ് എട്ട് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. ക്ലിനിക്കുകൾ വഴി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 7239 പേർക്കാണ് കൗൺസലിംഗ് സഹായം ലഭ്യമാക്കിയത്. സർക്കാർ ഹൈസ്‌കൂളുകളിലെ സൈക്കോ സോഷ്യൽ കൗൺസലർമാരിൽ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഇവിടങ്ങളിൽ സേവനം നൽകുന്നത്. റഫറൽ സൗകര്യം ആവശ്യമായ കുട്ടികൾക്ക് ജില്ലാ റിസോഴ്സ് സെന്ററും വനിതാ ശിശുവികസന വകുപ്പ് ഒരുക്കിയിട്ടുണ്ട്. ബ്ലോക്ക് തലങ്ങളിൽ ശനിയാഴ്ചകളിൽ രാവിലെ 9.30 മുതൽ അഞ്ചുവരെയാണ് സേവനം. രണ്ടാം ശനി അവധിയായതിനാൽ പകരം വെള്ളിയാഴ്ചയാണ് ക്ലിനിക്. ഇതോടൊപ്പം ജില്ലയിലെ 52 പഞ്ചായത്തുകളിലും ഒരു ബ്ലോക്കിലെ ഒരു പഞ്ചായത്തിൽ എന്ന ക്രമത്തിൽ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. ഇതിനും കൗൺസലർമാരാണ് നേതൃത്വം.
വില്ലൻ മൊബൈലും
ലഹരിയും ക്ലിനിക്കുകളിലെത്തുന്നവരിൽ പ്രധാന വില്ലനായി കാണപ്പെടുന്നത് ലഹരിയുപയോഗവും മൊബൈൽ ഫോണുകളുടെ അമിതമായ ഉപയോഗവുമാണെന്ന് കൗൺസിലർമാർ പറയുന്നു. മാതാപിതാക്കളിലും കുട്ടികളിലും ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതോടൊപ്പം കുട്ടികൾക്കെതിരായ അതിക്രമങ്ങളും ക്ലിനിക്കുകളിലെ കൗൺസിലിംഗിലൂടെ പുറത്ത് വരാറുണ്ട്. അത്തരം സംഭവങ്ങളിൽ നിയമപരമായ നടപടികളും ഉറപ്പാക്കുന്നുണ്ട്. പേരന്റിങ് ക്ലിനിക്കുകളുടെ പ്രവർത്തനം ജില്ലയിലെ പട്ടിക വർഗ മേഖലകളിലും സജീവമാണ്.
എട്ട് ക്ലിനിക്കുകൾ, വിളിക്കൂ
തൊടുപുഴ- 9747385157
ഇടുക്കി- 8281663061 ഇളംദേശം- 7907503348
ദേവികുളം- 9496187063 അടിമാലി- 9744169134
അഴുത- 9447677441 കട്ടപ്പന- 7306074973
നെടുങ്കണ്ടം- 8606109362