ജില്ലയിൽ ശേഖരിച്ചത് 17.7ടൺ ഇ -മാലിന്യം

Tuesday 19 August 2025 1:43 AM IST

ആലപ്പുഴ : ജില്ലയിൽ നഗരസഭകളിലെ ഹരിത കർമ്മസേന നടത്തിയ ഇ - മാലിന്യ ശേഖരണത്തിന്റെ ആദ്യഘട്ടത്തിൽ ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത് 17.7 ടൺ. ആകെയുള്ള ആറു നഗരസഭകളിൽ ആലപ്പുഴ, ചേർത്തല, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ഇ - മാലിന്യ ശേഖരണം പൂർത്തിയായി. ചെങ്ങന്നൂർ നഗരസഭയിൽ 20നേ ശേഖരണം പൂർത്തിയാവുകയുള്ളൂ. ഇതുകഴിഞ്ഞാൽ നഗരസഭാതലത്തിലെ ആദ്യഘട്ടശേഖരണം ജില്ലയിൽ പൂർത്തിയാകും. ജൂലായ് അവസാനത്തോടെയാണ് ശേഖരണം തുടങ്ങിയത്. അഞ്ച് നഗരസഭകളിൽ നിന്നായി 345.15 കിലോ ആപത്കരമായ ഇ മാലിന്യങ്ങളും ശേഖരിച്ചിട്ടുണ്ട്. പിക്‌ചർ ട്യൂബ്‌, എൽ.ഇ.ഡി ബൾബുകൾ, ട്യൂബ് ലൈറ്റുകൾ, സി.എഫ്.എൽ തുടങ്ങിയവയാണ് ആപത്‌കരമായ ഇ മാലിന്യങ്ങളുടെ പട്ടികയിലുള്ളത്. ഇവ സംസ്കരി​ക്കുന്നതി​ന് ചെലവാകുന്ന തുക നഗരസഭകൾ ക്ളീൻ കേരള കമ്പനി​ക്ക് നൽകണം. 43 തരം ഇ-മാലിന്യമാണ് ശേഖരിച്ചത്. അല്ലാത്തവ പലവക വിഭാഗത്തിലും ശേഖരിച്ചു. ഓരോന്നിനും കിലോയ്ക്ക് നിശ്ചിത തുക വിലയായി നൽകി.

കൂടുതലും ടിവിയും കമ്പ്യൂട്ടറും

 ടെലിവിഷൻ, തേപ്പുപെട്ടി, ഇൻഡക്ഷൻ കുക്കർ, കമ്പ്യൂട്ടർ മോണിറ്റർ, സി.പി.യു തുടങ്ങിയവയാണ് ശേഖരിച്ചവയിൽ ഏറെയും.

 നിലവിൽ ശേഖരിച്ചിരിക്കുന്ന മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിയുടെ ചേർത്തലയിലെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണ്

 ശേഖരണത്തിന് ഹരിതകർമസേനയ്ക്ക് നൽകുന്ന തുക സംബന്ധിച്ചുള്ള ഫയലുകൾ ക്ലീൻ കേരള കമ്പനിയുടെ ആസ്ഥാനത്തേക്ക് കൈമാറും

 അവിടെനിന്ന് അതത് നഗരസഭകളിലേക്ക് ഫണ്ട് നൽകും. നഗരസഭ ഇത് ഹരിതകർമസേനയ്ക്ക് കൈമാറും.

നഗരസഭകളും ശേഖരിച്ച മാലിന്യവും (കിലോ കണക്കിൽ)

ആലപ്പുഴ..............2742.8

ചേർത്തല............2391.7

ഹരിപ്പാട്...............1335

മാവേലിക്കര........5853.85

കായംകുളം.........3794.88

ശേഖരിക്കുന്ന ഇ മാലിന്യം

43 ഇനങ്ങൾ

ഒരു കിലോയ്ക്ക് വില (രൂപയിൽ)

 റഫ്രിജിറേറ്റർ : 16

 ലാപ്‌ടോപ്പ് : 104

 എൽ.സി.ഡി, എ.ഇ.ഡി ടിവി : 16

 ടോപ് ലോഡ് വാഷിംഗ് മെഷീൻ :16

 ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ : 9

 സീലിംഗ് ഫാൻ :41

 മൊബൈൽ ഫോൺ :115

 സ്വിച്ച് ബോർഡ് : 17

 എയർ കണ്ടീഷണർ : 58