മണ്ണെണ്ണ വിതരണ ഡിപ്പോകളില്ല റേഷൻ വ്യാപാരികൾക്ക് ദുരിതം

Tuesday 19 August 2025 1:43 AM IST

ആലപ്പുഴ: ജില്ലയിലെ എല്ലാതാലൂക്കുകളിലും മണ്ണെണ്ണ വിതരണ ഡിപ്പോകളില്ലാത്തതിന്റെ ബുദ്ധിമുട്ടിലാണ് റേഷൻ വ്യാപാരികൾ. കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ മാത്രമാണ് മണ്ണെണ്ണ ഡിപ്പോകളുള്ളത്. കുട്ടനാട് താലൂക്കിലുള്ളവർ അമ്പലപ്പുഴയിൽ നിന്നും ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നുള്ള വ്യാപാരികൾ കാർത്തികപ്പള്ളിയിൽ നിന്നുമാണ് ഇപ്പോൾ മണ്ണെണ്ണ ശേഖരിക്കുന്നത്. ഇതുകാരണം അധിക ദൂരം സഞ്ചരിച്ച് വേണം വ്യാപാരികൾ മണ്ണെണ്ണ ശേഖരിക്കാൻ. ഒരു റേഷൻ കടയ്ക്ക് 300 ലിറ്റർ മണ്ണെണ്ണയാണ് ശരാശരി അനുവദിക്കുന്നത്. ഇതിന് കമ്മിഷമായി ലഭിക്കുന്നത് ലിറ്ററിന് 6 രൂപയാണ്. അതായത് 300 ലിറ്റർ മണ്ണെണ്ണ വിതരണം ചെയ്താൽ വ്യാപാരിക്ക് കിട്ടുന്നത് 1800 രൂപ. എന്നാൽ,​ ഡിപ്പോകളിലെത്തി മണ്ണെണ്ണ ശേഖരിക്കുന്നതിനുള്ള ചെലവ് ഇതിന്റെ ഇരട്ടിയോളം വരുമെന്നാണ് വ്യാപാരികൾ പറയുന്നത്.

വിതരണം വാതിൽപ്പടിയാക്കണം

1. സംസ്ഥാനത്ത് ഒന്നര വർഷത്തിന് ശേഷമാണ് മണ്ണെണ്ണ വിതരണം പുന:സ്ഥാപിക്കുന്നത്. എ.എ.വൈ കാർഡുകൾക്ക് ഒരുലിറ്ററും മറ്റ് കാർഡുകൾക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് അനുവദിച്ചിട്ടുള്ളത്

2. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ അടുത്ത ഘട്ടം മണ്ണെണ്ണ വിതരണം വാതിൽപ്പടി സേവനമായി നൽകണമെന്നതാണ് റേഷൻ വ്യാപാരികളുടെ ആവശ്യം

ഡിപ്പോകളും

റേഷൻ കടകളും

ചേർത്തല: 288

അമ്പലപ്പുഴ:198

കുട്ടനാട്:114

കാർത്തികപ്പള്ളി:255

മാവേലിക്കര:219

ചെങ്ങന്നൂർ:126

കാർഡുകളും

ഗുണഭോക്താക്കളും

എ.എ.വൈ: 38859, 121862

പി.എച്ച്.എച്ച്: 280278, 1008018

എൻ.പി.എസ്: 118000, 448377

എൻ.പി.എൻ.എസ്: 185797, 675151

മണ്ണെണ്ണ വില

ലിറ്ററിന്: 68

ജില്ലയിൽ മണ്ണെണ്ണ ഡിപ്പോകൾ കുറവായതിനാൽ ഒക്ടോബർ ഡിസംബർ ടേമിലേക്കുള്ള മണ്ണെണ്ണ വിതരണം വാതിൽപ്പടി സേവനമാക്കണം

-എൻ. ഷിജീർ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി,

കേരള സ്റ്റേറ്റ് റീട്ടേയ്ൽ റേഷൻ ഡീലേഴ്‌സ് അസോ.