പൊന്മാൻ സൂമർ ആലപ്പി റിപ്പിൾസ് ഭാഗ്യചിഹ്നം

Tuesday 19 August 2025 1:48 AM IST

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനായി ഒരുങ്ങുന്ന ആലപ്പി റിപ്പിൾസ് ടീമിന്റെ ഭാഗ്യചിഹ്നം സൂമർ എന്ന പൊന്മാൻ. ആലപ്പുഴയുടെ കായലുകളുടെ വേഗതയും, ചടുലതയും, ഏകാഗ്രതയുടെയും പ്രതീകമായാണ് സൂമർ എന്ന് പേരിട്ടിരിക്കുന്ന പൊന്മാൻ ആലപ്പി റിപ്പിൾസിന്റെ ഭാഗ്യചിഹ്നമായത്. യുവാക്കൾക്കിടയിൽ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായും നാടിന്റെ എല്ലായിടങ്ങളിലേക്കും ക്രിക്കറ്റ് ആവേശം എത്തിക്കാനും ലഹരിക്കെതിരെ ഒന്നിക്കാനുമാണ് സൂമറിലൂടെ ടീം ലക്ഷ്യം വയ്ക്കുന്നത്. ഗ്രൗണ്ടിലും ഓൺലൈനിലും മത്സരങ്ങൾ വിശദീകരിക്കാനായി @zoomerripples എന്ന പേജിലൂടെ സൂമർ എത്തും.

ആഗസ്റ്റ് 22ന് ഉച്ചക്ക് 2.30 ത്യശ്ശൂർ ടൈറ്റൻസുമായുള്ള മത്സരത്തോടെയാണ് റിപ്പിൾസ് കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ തുടക്കം കുറിക്കുക. മുഹമ്മദ് അസറുദ്ദീൻ ക്യാപ്റ്റനായ റിപ്പിൾസ് ടീമിന്റെ വൈസ് ക്യാപ്റ്റൻ അക്ഷയ് ചന്ദ്രനാണ്. ജലജ് സക്‌സേന, വിഘ്നേഷ് പുത്തൂർ, അക്ഷയ്.ടി.കെ, ബേസിൽ എൻ. പി, ശ്രീഹരി എസ്. നായർ, ആദിത്യ ബൈജു, മുഹമ്മദ് കൈഫ്, രാഹുൽ ചന്ദ്രൻ, അനുജ്ജ് ജോതിൻ, ശ്രീരൂപ് എം. പി., ബാലു ബാബു, അരുൺ കെ. എ., അഭിഷേക് പി.നായർ, ആകാശ് പിള്ള, മുഹമ്മദ് നാസിൽ, അർജുൻനമ്പ്യാർ എന്നിവരാണ് ടീമിലെ മറ്റ് കളിക്കാർ. മുൻ കേരള ക്യാപ്റ്റൻ സോണി ചെറുവത്തൂരാണ് ടീമിന്റെ മുഖ്യപരിശീലകൻ.