വൃദ്ധയുടെ ദുരൂഹ മരണം: അന്വേഷണം ഊജിതമാക്കി പ്രത്യേക സംഘം
അമ്പലപ്പുഴ: ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അമ്പലപ്പഴ പൊലീസ്.തോട്ടപ്പള്ളി ഒറ്റപ്പന ജുമാ മസ്ജിദിന് സമീപം പുത്തൻപുരയിൽ റംലത്തിനെയാണ് (ഹംലത്ത് -60 ) ഞായറാഴ്ച കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്ന നിഗമനത്തിലാണ് അന്വേഷണം നടക്കുന്നതെങ്കിലും അതിലേക്ക് നയിക്കുന്ന തെളിവുകളൊന്നും പോസ്റ്റുമോർട്ടത്തിലും വിരലടയാള വിദഗ്ദ്ധരുടെ പരിശോധനയിലും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കിടപ്പുമുറിയിൽ കട്ടിലിലാണ് റംലത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മുറിക്കുള്ളിൽ മുളകുപൊടി വിതറിയിരുന്നു.അടുക്കള വാതിൽ പൊളിച്ച നിലയിലും വൈദ്യുതിയുടെ സർവ്വീസ് വയർ മുറിച്ച നിലയിലുമായിരുന്നു.
റംലത്തിന്റെ ആഭരണങ്ങൾ കാണാനില്ലെന്ന് അറിഞ്ഞതോടെ മോഷണത്തിനിടെ കൊലചെയ്യപ്പെട്ടു എന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ, വിശദമായ പരിശോധനയിൽ മോഷണം പോയെന്ന് കരുതിയ സ്വർണ്ണം വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി. ഇതോടെ കൊലപാതകത്തിന്റെ കാരണം ഇനിയും വ്യക്തമാകേണ്ടതുണ്ട്. റംലത്തിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വരേണ്ടതുണ്ട്.
അതേസമയം, അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ.രാജേഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി റംലത്തിന്റെ മൃതദേഹം, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽകി.വൈകുന്നേരം മൂന്നുമണിയോടെ ഒറ്റപ്പന ജുമാമസ്ജിദിൽ കബറടക്കി.