ട്രംപിനെ കാണാനെത്തിയ പുട്ടിന്റെ അംഗരക്ഷകരുടെ കൈയിലുണ്ടായിരുന്നത് വിസർജ്യം ശേഖരിക്കുന്ന സ്യൂട്ട്‌കേസ്,​ വിചിത്ര നടപടിക്ക് പിന്നിൽ

Monday 18 August 2025 11:17 PM IST

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കഴിഞ്ഞ ദിവസമാണ് അലാസ്കയിൽ കൂടിക്കാഴ്ച നടത്തിയത്. യുക്രെയിനുമായുള്ള യുദ്ധം അവസാനിപ്പിക്കുക എന്നതായിരുന്നു മുഖ്യചർച്ചാ വിഷയമെങ്കിലും റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഏ‍ർപ്പെടുത്തിയ ഉയർന്ന താരിഫും ഇരുരാഷ്ട്രത്തലവൻമാരും ചർച്ച ചെയ്തു. കൂടിക്കാഴ്ചയിൽ കാര്യമായ നടപടികളൊന്നുമായില്ലെങ്കിലും പുടിന്റെ അംഗരക്ഷകരാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. പുടിന്റെ അംഗരക്ഷകരുടെ കൈയിലുണ്ടായിരുന്ന സ്യൂട്ട് കേസുകളാണ് ചർച്ചയാകുന്നത്. അലാസ്ക ഉച്ചകോടിയിൽ പുടിൻ എത്തിയത് തന്റെ വിസർജ്യം ശേഖരിക്കുന്ന സ്യൂട്ട്കേസുമായി ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പുടിൻ വിദേശ യാത്ര നടത്തുമ്പോഴെല്ലാം അംഗരക്ഷകർ അദ്ദേഹത്തിന്റെ മലം ശേഖരിച്ച് റഷ്യയിലേക്ക് തിരികെ കൊണ്ടുപോകുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതാദ്യമായല്ല ഇത്തരം സ്യൂട്ട്കേസുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. 2022ൽ ഫ്രഞ്ച് മാസികയായ പാരീസ് മാച്ചിലെ രണ്ട് പത്രപ്രവർത്തകർ ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടിരുന്നു. എന്നാൽ എന്തുകൊണ്ടാണ് പുട്ടിന്റെ മലം ശേഖരിച്ച് റഷ്യയിലേക്ക് തിരികെ കൊണ്ടുപോകുന്നത് എന്നറിയാമോ . പുടിന് നൽകുന്ന ഉയർന്ന സുരക്ഷയുടെ ഭാഗമാണ് സ്യൂട്ട്കേസുകൾ. ദി എക്സപ്രസ് യു.എസിന്റെ റിപ്പോർട്ട് പ്രകാരം റഷ്യൻ പ്രസിഡന്റിന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിശദാംശങ്ങൾ വിദേശ ഏജൻസികൾ അറിയുന്നത് തടയാനാണ് അസാധാരണമായ നടപടി. റഷ്യൻ പ്രസിഡന്റിന്റെ ഫെഡറൽ പ്രൊട്ടക്ഷൻ സർവീസ് (എഫ്പിഎസ്) പുടിന്റെ മലം ഉൾപ്പെടെയുള്ള ശരീര മാലിന്യങ്ങൾ ശേഖരിക്കുകയും പ്രത്യേക ബാഗുകളിൽ അടയ്ക്കുകയും സുരക്ഷിതമായ ബ്രീഫ്‌കേസുകളിൽ കൊണ്ടുപോകുകയും ചെയ്യുന്നു. 2017 മേയിൽ പുടിൻ ഫ്രാൻസ് സന്ദർശിച്ചപ്പോഴും 2019 ഒക്ടോബറിൽ സൗദി അറേബ്യയിലേക്കുള്ള യാത്രയിലും ഈ സ്യൂട്ട്കേസുകളിൽ വിസർജ്യം ശേഖരിച്ചിരുന്നു.

വിദേശ ഇന്റലിജൻസ് ഏജൻസികൾ തന്റെ ആരോഗ്യത്തെക്കുറിച്ച് അറിയാൻ തന്റെ ജൈവ മാലിന്യങ്ങൾ പരിശോധിച്ചേക്കുമെന്ന് പുടിൻ ആശങ്കാകുലനാണെന്ന് യുഎസ് പ്രതിരോധ ഇന്റലിജൻസ് ഏജൻസി (ഡിഐഎ)യിലെ മുൻ ഉദ്യോഗസ്ഥയായ റെബേക്ക കോഫ്‌ലർ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു, മുൻ ബിബിസി പത്രപ്രവർത്തക ഫരീദ റുസ്തമോവ ഈ വാദത്തെ പിന്തുണച്ചിരുന്നു. വിയന്നയിൽ സമാനമായ ഒരു കേസ് തനിക്ക് അറിയാമെന്ന് അവർ എക്‌സിൽ എഴുതി. പുടിൻ മുമ്പ് “ഒരു പ്രത്യേക സ്വകാര്യ കുളിമുറിയും” “പോർട്ട-പോട്ടിയും” ഉപയോഗിച്ചിരുന്നുവെന്നും അവർ പറഞ്ഞു. പ്രസിഡന്റ് അധികാരത്തിലേറിയ കാലം മുതൽ ഈ രീതി പിന്തുടർന്നിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

പുട്ടിനെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകൾ പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ കസാക്കിസ്ഥാനിലെ അസ്താനയിൽ ഒരു പത്രസമ്മേളനത്തിനിടെ പുടിന്റെ കാലുകൾ വിറയ്ക്കുന്നതായി കണ്ടത് അഭ്യൂഹങ്ങൾക്ക് വളംവച്ചിരുന്നു. പാർക്കിൻസൺസ് രോഗം പോലുള്ള ഒരു അവസ്ഥയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി,​

രഹസ്യവിവരങ്ങൾ ശേഖരിക്കുന്നതിനുള്ള മാർഗമായി മലം ഉപയോഗിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു മാവോയുടെയും മറ്റ് നേതാക്കളുടെയും വിസർജ്യം പഠനവിധേയമാക്കി ജോസഫ് സ്റ്റാലിൻ ചാരപ്പണി നടത്തിയെന്ന് ഒരു മുൻ സോവിയറ്റ് ഏജന്റ് ഒരിക്കൽ അവകാശപ്പെട്ടിരുന്നു. ശീതയുദ്ധകാലത്ത് കിഴക്കൻ ജർമ്മനിയിൽ സോവിയറ്റ് സൈനികർ ഉപയോഗിച്ചിരുന്ന ടോയ്‌ലറ്റ് പേപ്പർ ബ്രിട്ടീഷ് ഇന്റലിജൻസ് ഏജന്റുമാർ പരിശോധിച്ചതായി പറയപ്പെടുന്നു. ബ്രിട്ടീഷ് സൈനിക വിദഗ്ധൻ ടോണി ഗെരാട്ടിയാണ് ഈ അവകാശവാദം ഉന്നയിച്ചത്.