മദ്ധ്യസ്ഥത വഹിച്ച് ഈജിപ്തും ഖത്തറും , വെടിനിറുത്തൽ കരാർ ഹമാസ് അംഗീകരിച്ചു

Tuesday 19 August 2025 12:00 AM IST

കെയ്‌റോ: ഗാസയിൽ വെടിനിറുത്തലിനായി മുന്നോട്ടുവച്ച പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്.

ഈജിപ്തിന്റെയും ഖത്തറിന്റെയും മദ്ധ്യസ്ഥ ചർച്ചയിലാണ് ഹമാസ് സമ്മതം അറിയിച്ചത്. ഇസ്രയേലിനും സമ്മതമായാൽ, 22 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിന് വിരാമമാകുമെന്നാണ് പ്രതീക്ഷ. 60 ദിവസത്തെ പ്രാരംഭ വെടിനിറുത്തലാണ് ആദ്യ ഘട്ടം. തുടർന്ന് രണ്ടു ഘട്ടങ്ങളായി ബന്ദികളെ മോചിപ്പിക്കാനും മദ്ധ്യസ്ഥർ നിർദ്ദേശിച്ചിട്ടുണ്ട്. കീഴടങ്ങുന്നതിനുപകരം ആയുധങ്ങൾ ഉപേക്ഷിക്കാനും രാജ്യാന്തര മേൽനോട്ടത്തിൽ ആയുധങ്ങൾ സൂക്ഷിക്കാനും യു.എൻ മേൽനോട്ടത്തിൽ ഗാസയിൽ ഒരു അറബ് സേനയെ വിന്യസിക്കാനും ഹമാസ് സമ്മതം അറിയിച്ചിട്ടുണ്ട്. ഇസ്രയേൽ യോജിക്കുമോയെന്ന് വ്യക്തമല്ല. ഹമാസ് ആയുധം വച്ച് കീഴടങ്ങണമെന്നാണ് ഇസ്രയേൽ നിലപാട്. കഴിഞ്ഞ ആഴ്ച ഹമാസ് പ്രതിനിധി സംഘം കെയ്‌റോയിൽ ചർച്ചകൾ നടത്തുന്നതിനായി എത്തിയിരുന്നു.

ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി എന്നിവരുടെ നേത്യത്വത്തിലായിരുന്നു കെയ്‌റോയിൽ ചർച്ച.

അതേസമയം,​ഖിയാമിലെ കല്ല് ഫാക്ടറികൾക്ക് സമീപം ഇസ്രയേലി ഡ്രോൺ ബോംബ് ആക്രമണത്തിൽ നാല് സിറിയൻ തൊഴിലാളികൾക്ക് പരിക്കേറ്റതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.