ഛത്തീസ്ഗഢിൽ ഐ.ഇ.ഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു, മൂന്ന് പേർക്ക് പരിക്ക്

Tuesday 19 August 2025 1:49 AM IST

റായ്പൂർ: ഛത്തീസ്ഗഢിലെ ബിജാപൂരിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു. ജില്ലാ റിസർവ് ഗാർഡ് (ഡി.ആർ.ജി) ജവാനായ ദിനേശ് നാഗാണ് കൊല്ലപ്പെട്ടത്. മൂന്നു പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. ഡി.ആർ.ജി സംഘം മവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെ ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളിൽ വച്ച് ഇന്നലെ രാവിലെയാണ് സ്‌ഫോടനമുണ്ടായത്. ഞായറാഴ്ചയാണ് ഓപ്പറേഷൻ ആരംഭിച്ചത്. ആഗസ്റ്റ് 14ന് സുരക്ഷാസേന നടത്തിയ ഓപറേഷനിൽ രണ്ട് മാവോയ്സ്റ്റുകളെ വധിച്ചിരുന്നു. മാവോയ്സ്റ്റ് കമാൻഡർമാരായ വിജയ് റെഡ്ഡി, ലോകേഷ് സലാമെ എന്നിവരാണ് കൊല്ലപ്പെട്ടത്. ഛത്തിസ്ഗഢിലെ മാൻപൂർ മോഹ് ല അമ്പഗഢ് ചൗകി ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഛത്തീസ്ഗഢിൽ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ഈ വർഷം ഇതുവരെ 229 മാവോയ്സ്റ്റുകളെ വധിച്ചു. ഇതിൽ 208 പേരെ ബിജാപൂർ, ബസ്തർ, കാങ്കർ, കൊണടഗാവ്, നാരായൺപൂർ, സുക്മ, ദന്തേവാഡ എന്നീ ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിൽ നിന്നുള്ളവരാണ്.