സ്റ്റാലിന്റെ രാഷ്ട്രീയ തന്ത്രം ഉപരാഷ്ട്രപതി മത്സരം: തമിഴൻ 'ഇന്ത്യ'സഖ്യ സ്ഥാനാർത്ഥി
ചെന്നൈ: ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി 'ഇന്ത്യ' സഖ്യം ഒരു തമിഴ്നാട്ടുകാരനെ കളത്തിലിറക്കുന്നതോടെ ഒരു രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്നും ഡി.എം.കെയ്ക്ക് തലയൂരാനാകും. തമിഴ്നാട് സ്വദേശിയായ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ എൻ.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോഴാണ് ഡി.എം.കെ വിഷമവൃത്തത്തിലായത്. 'ഇന്ത്യ' സഖ്യം ഒരു ഉത്തരേന്ത്യക്കാരനെ സ്ഥാർത്ഥിയെ പ്രഖ്യാപിച്ചാൽ 'ദ്രാവിഡ മോഡൽ' മുന്നോട്ടു വയ്ക്കുന്ന സ്റ്റാലിന്റെ ഡി.എം.കെ കുഴയും.
തമിഴനെതിരെ ഹിന്ദിക്കാരന് വോട്ട് ചെയ്തുവെന്ന ആരോപണം തമിഴ്നാട്ടിൽ പ്രതിപക്ഷം ഉപയോഗിക്കും. വോട്ടു ചെയ്യാതിരുന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും.
ഈ സാഹചര്യത്തിലാണ് സ്ഥാനർത്ഥി തമിഴ്നാട്ടിൽ നിന്നും വേണമെന്ന് ഇന്നലെ നടന്ന സഖ്യയോഗത്തിൽ ഡി.എം.കെ ആവശ്യപ്പെട്ടത്. ആദ്യം ഡി.എം.കെയുടെ രാജ്യസഭാ എം.പിയായ തിരുച്ചി ശിവയുടെ പേരാണ് പരിഗണിച്ചത്. പിന്നീട് പ്രമുഖ ശാസ്ത്രജ്ഞൻ മയിൽ സ്വാമി അണ്ണാദുരൈയുടെ പേരിലേക്ക് ചർച്ചയെത്തി.
അണ്ണാദുരൈ മത്സരിച്ചാൽ രണ്ടു സ്ഥാനാർത്ഥികളും കോയമ്പത്തൂർ മേഖലയിൽ നിന്നാകും. ഗൗണ്ടർ സമുദായക്കാരാണ് ഇരുവരും. അതുകൊണ്ടു തന്നെ ഒരുതരത്തിലുള്ള കുറ്രപ്പെടുത്തലുകളും ഉപരാഷ്ട്രപതിയുടെ പേരിൽ ഡി.എം.കെയ്ക്ക് നേരെ ഉയരില്ല.
ചന്ദ്രമനുഷ്യനും
കോയമ്പത്തൂർ വാജ്പേയിയും
'ഇന്ത്യയുടെ ചന്ദ്രമനുഷ്യൻ' എന്നും മയിൽസ്വാമി അണ്ണാദുരൈ വിളിക്കാറുണ്ട്. എല്ലാ രാഷ്ട്രീയ കക്ഷിക്കാരോടും സൗഹാർദ്ദപരമായ പെരുമാറുന്ന ബി.ജെ.പി നേതാവ് എന്ന നിലയിൽ 'കോയമ്പത്തൂരിലെ വാജ്‌പേയി' എന്നാണ് പ്രാദേശികമായി രാധാകൃഷ്ണൻ അറിയപ്പെടുന്നത്. ഇന്ത്യയുടെ മുൻ ചാന്ദ്ര ദൗത്യങ്ങളായ ചന്ദ്രയാൻ 1,ചന്ദ്രയാൻ 2 എന്നിവയുടെ പ്രോഗ്രാം ഡയറക്ടറായിരുന്നു അണ്ണാദുരൈ പദ്മശ്രീ അവാർഡ് ജേതാവും ഐ.എസ്.ആർ.ഒയിൽ ശാസ്ത്രജ്ഞനുമായിരുന്ന മയിൽസ്വാമി അണ്ണാദുരൈ തമിഴ്നാട് സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ വൈസ് പ്രസിഡന്റായും നാഷണൽ ഡിസൈൻ ആൻഡ് റിസർച്ച് ഫോറത്തിന്റെ ബോർഡ് ഓഫ് ഗവർണേഴ്സിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
1998ൽ അണ്ണാ ഡി.എം.കെയുമായി ബി.ജെ.പി സംഖ്യം കൂടിയത് രാധാകൃഷ്ണന്റെ കൂടി മിടുക്കിലായിരുന്നു. ആ വർഷം അദ്ദേഹം കോയമ്പത്തൂരിൽ നിന്നും എം.പിയായി. അടുത്ത വർഷം അണ്ണാ ഡി.എം.കെ സഖ്യം വിട്ടപ്പോൾ ഡി.എം.കെയെ അദ്ദേഹം എൻ.ഡി.എയിൽ എത്തിച്ചു.ആ വർഷം നടന്ന തിരഞ്ഞെടുപ്പിലും രാധാകൃഷ്ണൻ ജയിച്ചിരുന്നു.