തിരഞ്ഞെടുപ്പ് കമ്മിഷണർ ബി.ജെ.പി വക്താവിനെപ്പോലെ: 'ഇന്ത്യ' സഖ്യം
ന്യൂഡൽഹി: വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം നടത്തില്ലെന്ന് പ്രഖ്യാപിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ബി.ജെ.പി വക്താവിനെപ്പോലെ പെരുമാറുന്നുവെന്ന് ഇന്ത്യ സഖ്യം. രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള കടമ നിറവേറ്റുന്നതിൽ ഗ്യാനേഷ് പരാജയപ്പെട്ടു. വോട്ടർ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങളെ വഴി തിരിച്ചുവിടുകയും ഭരണകക്ഷിയെ വെല്ലുവിളിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ പക്ഷപാതപരമായ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണെന്നും 'ഇന്ത്യ' മുന്നണി നേതാക്കളായ ഗൗരവ് ഗൊഗോയ്,ഡോ. നസീർ ഹുസൈൻ (കോൺഗ്രസ്), മഹുവ മൊയ്‌ത്ര(തൃണമൂൽ),സഞ്ജയ് സിംഗ്(ആംആദ്‌മി പാർട്ടി),അരവിന്ദ് സാവന്ത്(ശിവസേന-ഉദ്ധവ്), തിരുച്ചി ശിവ(ഡി.എം.കെ), മനോജ് ഝാ(ആർ.ജെ.ഡി), ജോൺ ബ്രിട്ടാസ്(സി.പി.എം) എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാതെ കമ്മിഷണർ ഒഴിഞ്ഞു മാറി. ബീഹാറിൽ നിന്ന് 65 ലക്ഷം വോട്ടർമാർ നീക്കം ചെയ്യപ്പെട്ടതു സംബന്ധിച്ച ആരോപണങ്ങൾ തള്ളിയ അദ്ദേഹം സുപ്രീംകോടതി ഉത്തരവിനെക്കുറിച്ച് പറഞ്ഞില്ല. മഹാദേവപുരയിലെ വോട്ടർ തട്ടിപ്പ് സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെക്കുറിച്ച് വിശദീകരിച്ചില്ല. വോട്ടർ തട്ടിപ്പ് ആരോപണങ്ങളിൽ എന്തുകൊണ്ട് അന്വേഷണം നടന്നില്ലെന്ന ചോദ്യത്തിനും ഉത്തരമില്ലെന്നും പ്രതിപക്ഷം പറഞ്ഞു.
രാഹുൽ ഗാന്ധിയോട് സത്യവാങ്മൂലം ആവശ്യപ്പെടുന്ന കമ്മിഷണർ 2022ൽ തന്റെ പാർട്ടി സമർപ്പിച്ച 18,000 സത്യവാങ്മൂലങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കണമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ് ആവശ്യപ്പെട്ടു. ബീഹാറിൽ 'ഇന്ത്യ' മുന്നണി ആരംഭിച്ച വോട്ടർ അധികാർ യാത്രയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഞായറാഴ്‌ച തിരഞ്ഞെടുപ്പ് കമ്മിഷൻ പത്രസമ്മേളനം വിളിച്ചതെന്ന് ആർ.ജെ.ഡി നേതാവ് മനോജ് ഝാ ആരോപിച്ചു. ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷനും ലയിപ്പിച്ചാൽ പൊതുജനങ്ങളുടെ നികുതിപ്പണം ലാഭിക്കാമെന്ന് സി.പി.എം നേതാവ് ജോൺ ബ്രിട്ടാസ് പരിഹസിച്ചു.