മുംബയിൽ കനത്ത മഴ പല പ്രദേശങ്ങളും വെള്ളത്തിനടിയിൽ

Tuesday 19 August 2025 1:49 AM IST

മുംബയ്: തുടർച്ചയായ മൂന്നാം ദിവസവും മഴ കനത്തതോടെ മുംബയ് നഗരത്തിന്റെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. റോഡ്, റെയിൽ, വ്യോമ ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബയ് ന​ഗരത്തിൽ 54 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. കിഴക്കൻ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ യഥാക്രമം 72 മില്ലീമീറ്ററും 65 മില്ലീമീറ്ററും മഴ ലഭിച്ചു. മുംബയിലും റായ്ഗഡ്, രത്നഗിരി, സത്താറ, കോലാപൂർ, പൂനെ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലും ‌കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ടും പുറപ്പെടുവിച്ചു. ബ്രിഹാൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു.

അതേസമയം, മുംബയ് വിമാനത്താവളത്തിലെ സർവീസുകളെയും മഴ ബാധിച്ചു. ഒമ്പത് വിമാനങ്ങൾ ലാൻഡിംഗിനു മുമ്പ് നിരീക്ഷണപ്പറക്കൽ നടത്തിയതായും മോശം കാലാവസ്ഥ കാരണം ഒരു വിമാനം ഗുജറാത്തിലെ സൂറത്തിലേക്ക് വഴിതിരിച്ചുവിട്ടു. ലോക്കൽ ട്രെയിനുകളെല്ലാം വൈകി ഓടി. സെൻട്രൽ റെയിൽവേയുടെ ഹാർബർ ലൈനിൽ താഴ്ന്ന പ്രദേശങ്ങളിലെ ട്രാക്കുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതും കുർള, തിലക് നഗർ സ്റ്റേഷനുകൾക്കിടയിൽ ട്രാക്ക് മാറ്റുന്ന സ്ഥലങ്ങളിലെ തകരാറും കാരണം സബർബൻ സർവീസുകൾ തടസപ്പെട്ടു. നഗരത്തിലെ പല ഭാഗങ്ങളിലുമുള്ള റോഡുകൾ വെള്ളത്തിനടിയിലായി. ഈസ്റ്റേൺ ഫ്രീവേ, വെസ്റ്റേൺ എക്സ്പ്രസ് ഹൈവേ എന്നിവയെയാണ് പ്രധാനമായും ബാധിച്ചത്.

അതേസമയം, മഹാരാഷ്ട്രയിലെ നന്ദേഡിലെ വിവിധ ഗ്രാമങ്ങളിലായി 200ലധികം ആളുകൾ കുടുങ്ങികിടക്കുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യത്തെ വിന്യസിക്കാൻ അധികൃതർ തീരുമാനിച്ചു. ഞായറാഴ്ച രാവൺഗാവ്, ഹസ്നൽ ഗ്രാമത്തിൽ കുടുങ്ങിക്കിടന്ന 21 ആളുകളെ സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സ് (എസ്.ഡി.ആർ.എഫ്) രക്ഷപ്പെടുത്തിയിരുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇനിയും 200 പേർ കുടുങ്ങിക്കിടക്കുന്നതായും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു. ഡാമുകളിൽനിന്ന് ജലം തുറന്നുവിടുന്നതിനാൽ ഗോദാവരി നദിക്കരയിലുള്ളവരോട് ജാഗ്രത പാലിക്കാനുള്ള നിർദ്ദേശവും നൽകി.