യുദ്ധം അവസാനിപ്പിക്കാൻ യു.എസിന് കഴിയും: സെലെൻസ്കി   ത്രികക്ഷി ചർച്ചയ്‌ക്കും തീരുമാനം

Tuesday 19 August 2025 2:12 AM IST

വാഷിംഗ്ടൺ: യുക്രെയിൻ-റഷ്യ യുദ്ധം അവസാനിപ്പിച്ച് സമാധാനം കൊണ്ടുവരാൻ ട്രംപിന് സാധിക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. ഇന്നലെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുൻപായിരുന്നു സെലെൻസ്‌കിയുടെ പ്രതികരണം. ബലപ്രയോഗത്തിലൂടെ മാത്രമേ റഷ്യയെ സമാധാനത്തിലേക്ക് നയിക്കാനാകൂ. ട്രംപിന് അതിന് കഴിയുമെന്നും സെലെൻസ്‌കി പറഞ്ഞു.

അതേസമയം, വാഷിഗ്ടണിലെ ഓവൽ ഓഫീസിൽ ഇന്ത്യൻ സമയം ഇന്നലെ രാത്രി 11ന് ആരംഭിച്ച ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ താൻ തൃപ്തനാണെന്ന് സെലെൻസ്കി വ്യക്തമാക്കി. കൂടുതൽ കാര്യങ്ങളിൽ തീരുമാനമുണ്ടാകാൻ ഇനി ചർച്ചയിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നതിനായി എത്രയും വേഗം ത്രികക്ഷി യോഗം ചേരുമെന്ന് ആദ്യ ചർച്ചയ്ക്ക് ശേഷം ട്രംപ് അറിയിച്ചു. സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. ചർച്ചകളിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുട്ടിനും സമാധാനം ആഗ്രഹിക്കുന്നു. എല്ലാം നന്നായി ഭവിച്ചാൽ യുദ്ധം തീരും. കൂടിക്കാഴ്ചയ്ക്ക് ശേഷം തന്റെ കോൾ പുട്ടിൻ പ്രതീക്ഷിക്കുന്നതായും ട്രംപ് സെലൻസ്കിയെ അറിയിച്ചു.

ചർച്ചയിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും യൂറോപ്പ്യൻ യൂണിയൻ നേതാക്കളും പങ്കെടുത്തു. ട്രംപും സെലെൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യൂറോപ്യൻ നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച നടന്നു.

 പുട്ടിന്റെ ആവശ്യം അംഗീകരിക്കണമെന്ന് ട്രംപ്

സമാധാന കരാർ വേണമെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ആവശ്യം യുക്രെയിൻ അംഗീകരിക്കണമെന്ന് സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് ട്രംപ് പറഞ്ഞു. യു​ക്രെ​യി​ന് ​നാ​റ്റോ​ ​അം​ഗ​ത്വം​ ​ന​ൽ​കി​ല്ല.​ 2014​ൽ​ ​റ​ഷ്യ​ ​യു​ക്രെ​യ്നി​ൽ​ ​നി​ന്ന്​ ​പി​ടി​ച്ചെ​ടു​ത്ത​ ​ക്രൈ​മി​യ​ ​തി​രി​ച്ചു​ ​ന​ൽ​കു​ന്നത്​ ​ച​ർ​ച്ച​യാ​ക്കി​ല്ലെ​ന്നും​ ​ട്രം​പ് ​ട്രൂ​ത്ത് ​സോ​ഷ്യ​ലി​ൽ​ ​കു​റി​ച്ചു. രണ്ടാം തവണയാണ് ട്രംപ്-സെലെൻസ്‌കി കൂടിക്കാഴ്ച നടക്കുന്നത്. ഫെബ്രുവരിയിൽ ഓവൽ ഓഫീസിൽ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരിന്നു.