ഐഎസ് ഭീകരർ ഉപേക്ഷിച്ച കൂട്ടക്കുഴിമാടം പരിശോധിച്ച് ഇറാഖ്
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ ഉപേക്ഷിച്ച കൂട്ടക്കുഴിമാടത്തിൽ ഇറാഖ് തുറന്ന് പരിശോധന ആരംഭിച്ചു. വടക്കൻ ഇറാഖ് നഗരമായ മൊസൂളിന് സമീപത്തെ ഖഫ്‌സ എന്ന പ്രദേശത്താണ് പരിശോധന ആരംഭിച്ചത്.ഓഗസ്റ്റ് 9നാണ് കൂട്ടക്കുഴിമാടം പരിശോധന ആരംഭിച്ചതെന്നാണ് പരിശോധനാ സംഘത്തലവൻ അഹമ്മദ് ഖാസി അൽ അസാദി പറഞ്ഞു.15 ദിവസത്തെ കൂട്ടക്കുഴിമാട പരിശോധനയിൽ മനുഷ്യരുടെ മൃതദേഹ സാംപിളുകൾ കണ്ടെത്തിയതിന് പിന്നാലെ കാണാതായ ആളുകളുടെ ഉറ്റവരിൽ നിന്ന് ഡിഎൻഎ സാംപിളുകളും ശേഖരിക്കാൻ ആരംഭിച്ചിട്ടുണ്ട്.പത്ത് വർഷം മുൻപ് നടന്ന കൂട്ടക്കൊലയിൽ ആയിരക്കണക്കിനു പേർ കൊല്ലപ്പെട്ടതായാണ് കരുതുന്നത്. ഫൊറൻസിക് വിദഗ്ധർ, കോടതി, ഇറാഖിലെ രക്തസാക്ഷികൾക്കായുള്ള ഫൗണ്ടേഷൻ എന്നിവർ സംയുക്തമായാണ് പരിശോധന നടത്തുന്നത്. 150 മീറ്റർ ആഴവും 110 മീറ്റർ വീതിയുമാണ് കുഴിമാടത്തിനുള്ളത്. ആധുനിക ഇറാഖ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുഴിമാടമാകും ഖഫ്സയിലേത് എന്നാണ് വിലയിരുത്തുന്നത്. 1990കളുടെ ആരംഭ കാലം മുതലുള്ള കൂട്ടക്കുഴിമാടങ്ങൾ മേഖലയിൽ കണ്ടെത്തിയിട്ടുണ്ട്.2017ലാണ് ഐഎസ് ഭീകരരെ ഇറാഖ് പരാജയപ്പെടുത്തിയാണ് മൊസൂളിലെ വടക്കൻ മേഖല പിടിച്ചെടുത്തത്. ഇവിടത്തെ സൾഫർ കലർന്ന ഭൂഗർഭജലം പരിശോധനയ്ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. ഇറാഖിലുടനീളം ഐഎസ് ഭീകരർ 200 ലധികം കൂട്ടക്കുഴിമാടങ്ങൾ നിർമിച്ചിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ കണക്ക്. ഇതിൽ 12000 ഓളം മൃതദേഹങ്ങൾ ഉണ്ടാകാമെന്നും അധികൃതർ നിരീക്ഷിക്കുന്നത്.