യുക്രെയ്നിൽ റഷ്യൻ ആക്രമണം; 14 മരണം

Tuesday 19 August 2025 2:17 AM IST

കീവ്:സെലൻസ്കി-യുക്രെയ്നിലെ കാർഖീവിലെ കെട്ടിടസമുച്ചയത്തിന് നേരെ നടന്ന റഷ്യൻ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ കാർഖീവിലെ അഞ്ച് നിലയുള്ള കെട്ടിടസമുച്ചയത്തിന് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായത്.സെലൻസ്കിയും യൂറോപ്യൻ സഖ്യകക്ഷികളും യുക്രെയ്ൻ-റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട് ഡോണൾഡ് ട്രംപുമായി ചർച്ചകൾ ആരംഭിക്കാനിരിക്കെയായിരുന്നു റഷ്യയുടെ ആക്രമണം. കെട്ടിടത്തിന്റെ മൂന്ന് നിലകളിൽ തീപിടുത്തമുണ്ടായി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്തത്. രണ്ട് കുട്ടികൾ അടക്കം ഏഴ് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും 23ഓളം പേർക്ക് പരിക്കേറ്റെന്നുമാണ് അധികൃതർ നൽകിയിരിക്കുന്ന വിവരം.റഷ്യൻ അതിർത്തിയോട് ചേർന്ന ന​ഗരത്തിന് നേരെ ഉണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 11ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സാപൊറീഷ്യ മേഖലയിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഡൊണെറ്റ്സ്കിലെ മേഖലയിൽ നടന്ന റഷ്യൻ ഷെല്ലിം​ഗിൽ നാല് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.തെക്കൻ ഒഡേസ മേഖലയിലും റഷ്യ ആക്രമണം നടത്തിയതായാണ് പ്രദേശിക ഭരണകൂടം വ്യക്തമാക്കുന്നത്.