ഈജിപ്തും ഖത്തറും മധ്യസ്ഥത വഹിച്ചു വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ച് ഹമാസ്
കെയ്‌റോ: ഗസയിലെ വെടിനിർത്തൽ സംബന്ധിച്ച് മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവച്ച നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചതായി റിപോർട്ട്.ഹമാസിനും ഇസ്രയേലിനും ഇടയിൽ മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഈജിപ്തും ഖത്തറും മുന്നോട്ടുവച്ച പുതിയ വെടിനിർത്തൽ നിർദ്ദേശമാണ് ഹമാസ് അംഗീകരിച്ചത്.ഗാസയിൽ വെടിനിർത്തൽ കരാർ സാധ്യമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുമായി കെയ്‌റോയിൽ ചർച്ച നടത്തിയതിനു പിന്നാലെയാണിത്. 60 ദിവസത്തെ വെടിനുറുത്തൽ നിലവിൽ വരുമെന്നും രണ്ട് ഘട്ടമായി ബന്ദികളെ മോചിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം ഖിയാമിലെ കല്ല് ഫാക്ടറികൾക്ക് സമീപമം ഇസ്രയേലി ഡ്രോൺ ബോംബ് ആക്രമണത്തിൽ നാല് സിറിയൻ തൊഴിലാളികൾക്ക് പരിക്കേറ്റതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ വർഷത്തെ വെടിനിർത്തൽ കരാർ ലംഘിച്ച് തെക്കൻ ലെബനനിൽ ഇസ്രായേലി ദിവസേനയുള്ള ആക്രമണങ്ങൾ തുടരുകയാണ്.ഗാസ സിറ്റിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കുട്ടികളുൾപ്പെടെ അഞ്ച് പാലസ്തീനികൾ പോഷകാഹാരക്കുറവ് മൂലം മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം.
ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതികൾക്ക് മുമ്പ് ഇസ്രായേൽ ആക്രമണം ശക്തമാക്കുകയാണ്. തിങ്കളാഴ്ച പുലർച്ചെ മുതൽ ഇസ്രയേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 19 പലസ്തീനികൾ കൊല്ലപ്പെട്ടു.വടക്കുള്ള ഗാസ സിറ്റിയിൽ ആക്രമണം രൂക്ഷമായി. ഹമാസിന്റെ ആയുധങ്ങളും തുരങ്കങ്ങളും തകർക്കാനാണു നീക്കമെന്നാണ് സൈന്യം പറയുന്നത്.അതേസമയം കഴിഞ്ഞ ദിവസം യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രയേലിൽ ലക്ഷക്കണക്കിനാളുകൾ തെരുവിലിറങ്ങി.ഗാസക്കെതിരായ വംശഹത്യ 22 മാസം പിന്നിടുന്നതിനിടെ ഇസ്രയേൽ കണ്ട ഏറ്റവും വലിയ യുദ്ധവിരുദ്ധ റാലിയാണിത്.പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.