32 സ്‌കൂൾ കുട്ടികളുമായി വാൻ കുഴിയിലേക്ക് മറിഞ്ഞു
തിരുവനന്തപുരം: 32 കുട്ടികളുമായി സ്വകാര്യ വാൻ കുഴിയിലേക്ക് മറിഞ്ഞു. വലിയ പാറക്കല്ലിൽ തട്ടി വാൻ നിന്നതിനാൽ താഴേക്ക് പതിക്കാതെ വൻദുരന്തം ഒഴിവായി. ഒരു കുട്ടിയുടെ വിരലിന് മുറിവേറ്റു. മറ്റുള്ളവർക്ക് സാരമായ പരിക്കുകളില്ല.
എന്നാൽ കുഴിലേക്ക് വാൻ തെന്നിയപ്പോഴുണ്ടായ ആഘാതത്തിൽ കുട്ടികളെല്ലാം പരിഭ്രാന്തരായി. എല്ലാവരെയും ശാസ്‌തമംഗലത്തെ ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിലെത്തിച്ചു. ഛർദ്ദി,തലചുറ്റൽ തുടങ്ങിയ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കാനായി എല്ലാവരെയും നിരീക്ഷിച്ചശേഷമാണ് ഓരോരുത്തരെയായി വിട്ടയച്ചത്. മന്ത്രി വി.ശിവൻകുട്ടിയും വി.കെ.പ്രശാന്ത് എം.എൽ.എയും ആശുപത്രിയിലെത്തി കുട്ടികളെ കണ്ടു.
ഇന്നലെ രാവിലെ 8.45ഓടെ വട്ടിയൂർക്കാവ് മലമുകൾ സെന്റ് സാന്താൾ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളുമായി വന്ന വാനാണ് സ്‌കൂളിന് സമീപം 15 അടി താഴ്‌ചയുള്ള കുഴിയിലേക്ക് മറിഞ്ഞത്. ആറു വയസുകാരൻ ആദം മുഹമ്മദിന്റെ കൈയ്ക്കാണ് ചെറിയ മുറിവുണ്ടായത്. ഉടൻ കുട്ടിയെ വട്ടിയൂർക്കാവിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളാണ് വാനിലുണ്ടായിരുന്നത്. സ്വകാര്യ വാനുകൾ സ്‌കൂൾ കോമ്പൗണ്ടിലേക്ക് കയറാതെ കവാടത്തിൽ നിറുത്തി വിദ്യാർത്ഥികളെ ഇറക്കുകയാണ് പതിവ്. ഇത്തരത്തിൽ പിന്നോട്ടെടുക്കുന്നതിനിടെ കവാടത്തിലെ സ്ലാബിൽ കയറിയ വാനിന്റെ പിൻചക്രങ്ങൾ തെന്നിമാറി വാൻ കുഴിയിലേക്ക് മറിഞ്ഞു. വാനിന്റെ മുൻഭാഗം അല്പം ഉയർന്ന നിലയിൽ കല്ലിൽ തട്ടി നിന്നതിനാലാണ് വൻ അപകടം ഒഴിവായത്. അദ്ധ്യാപകരും നാട്ടുകാരും ചേർന്ന് ഉടൻ കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സ്വകാര്യ വാഹനമായതിനാൽ സ്‌കൂൾ അധികൃതർ വാഹനം തിരിക്കുന്നതിന് ഗേറ്റ് തുറക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ ആരോപിച്ചു. വാൻ തിരിക്കവേ ബ്രേക്ക് കേടായതും വീതി കുറഞ്ഞ സ്ഥലത്തെ മണ്ണ് മഴയിൽ ഇടിഞ്ഞതുമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. വാൻ ക്രെയിൻ ഉപയോഗിച്ചാണ് നീക്കിയത്. വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. വാഹനത്തിന്റെ ഫിറ്റ്‌നസ് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.