കൊടി സുനിയെ തവനൂർ ജയിലിലേക്ക് മാറ്റി
കണ്ണൂർ:ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂർ സെൻട്രൽ ജയിലിലേക്ക് തിരിച്ച് മാറ്റി. ജയിലിനകത്തും പുറത്തും ലഹരിമരുന്ന് കച്ചവടം നടത്തുന്നതായി ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ജയിൽ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കൊടി സുനിയും സംഘവും കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ച് തന്നെ ലഹരിസംഘങ്ങളെ നിയന്ത്രിക്കുന്നതായി കണ്ടെത്തിയിരുന്നു.കണ്ണൂർ ജയിലിൽ ഫോൺ ചെയ്യുന്നതിനടക്കം പല സൗകര്യങ്ങളും സുനിക്ക് ലഭിക്കുന്നുവെന്ന പരാതികൾ സ്ഥിരീകരിക്കുന്നതായിരുന്നു ജയിൽ വകുപ്പിന്റെ റിപ്പോർട്ട്. ന്യൂ മാഹി ഇരട്ടക്കൊലക്കേസിന്റെ വിചാരണയ്ക്കായി കഴിഞ്ഞ ജനുവരിയിൽ കൊടി സുനിയെ തവനൂർ ജയിലിൽ നിന്ന് കണ്ണൂരിലേക്ക് മാറ്റിയിരുന്നു.എന്നാൽ, ഇപ്പോഴുള്ള ജയിൽമാറ്റം വിചാരണയ്ക്ക് തടസ്സമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.മുഹമ്മദ് ഷാഫി,കൊടി സുനി,ഷിനോജ് എന്നിവരെ വീഡിയോ കോൺഫറൻസ് വഴിയാണ് തലശ്ശേരി കോടതിയിൽ ഹാജരാക്കുന്നത്. കഴിഞ്ഞ ജൂൺ 17ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തലശ്ശേരി കോടതിയിലേക്കുള്ള യാത്രാമദ്ധ്യേ കൊടി സുനി പരസ്യമായി മദ്യപിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു.അതിനിടെ സുനിയുടെ പരോൾ മീനങ്ങാടി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. വയനാട്ടിൽ പരോളിൽ കഴിയുമ്പോൾ കർണാടകയിലേക്ക് പോയത് ലഹരി ഇടപാടിനാണോയെന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.