വിലക്കയറ്റം സർവകാല റെക്കോർഡിൽ: ചെന്നിത്തല

Tuesday 19 August 2025 3:36 AM IST

തിരുവനന്തപുരം: കേരളത്തിൽ വിലക്കയറ്റം സർവകാല റെക്കോർഡ് പിന്നിട്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയ തരത്തിൽ പണപ്പെരുപ്പം എട്ടു വർഷത്തെ കുറഞ്ഞ റേറ്റായ 1.55 ശതമാനത്തിലാണ്. കേരളത്തിന്റെ പണപ്പെരുപ്പം 8.89 എന്ന സർവ കാല റിക്കോർഡിലാണ്.

ഇത് പ്രതിപക്ഷത്തിന്റെ ആരോപണമല്ല. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ളിമെന്റേഷൻ മന്ത്രാലയം എല്ലാ മാസവും പുറപ്പെടുവിക്കുന്ന വിലസൂചികപട്ടികയുടെ അടിസ്ഥാനത്തിലാണ്.

കഴിഞ്ഞ അഞ്ചു മാസമായി ഇന്ത്യയിൽ വിലക്കയറ്റമുള്ള സംസ്ഥാനമെന്ന കണക്കിൽ കേരളം ഒന്നാമതാണ്. പൊതു വിപണിയിൽ ഇടപെടാത്ത സർക്കാർ സമ്പൂർണ പരാജയമാണ്. ഇതിനു കാരണം സർക്കാരിന്റെ കെടുകാര്യസ്ഥതയാണ്. എന്തുകൊണ്ടാണ് ഈ അസാധാരണ പ്രതിസന്ധി നേരിടുന്നതെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളോട് വിശദമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.