ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി സ്വർണം മോഷ്ടിച്ചു

Tuesday 19 August 2025 7:41 AM IST

തിരുവനന്തപുരം: വൃദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി സ്വർണം മോഷ്ടിച്ചു. തിരുവനന്തപുരം ഉള്ളൂരിലാണ് സംഭവം. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു മോഷണം നടന്നത്. ആക്കുളം ലൈനിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയാണ് മോഷണത്തിനിരയായത്. സ്വർണ മോതിരവും മാലയുമാണ് മോഷ്ടിക്കപ്പെട്ടത്.

വൃദ്ധയുടെ പരാതിയിൽ പൊലീസ് സിസിടിവി അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലായിരിക്കുകയാണ്. വൃദ്ധ താമസിക്കുന്ന സ്ഥലത്തിന് പരിസരത്തായുള്ള കടയിലെ ജീവനക്കാരനായ മധു എന്നയാളാണ് പ്രതി. തുടക്കത്തിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ച സ്വർണം വിറ്റുകിട്ടിയ പണം കണ്ടെടുക്കുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇന്ന് പുലർച്ചെയോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.