273 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിൽ തീപിടിത്തം; എഞ്ചിൻ പൂർണമായും കത്തി, ഒടുവിൽ പൈലറ്റിന്റെ നിർണായക ഇടപെടൽ
റോം: ഗ്രീസിലെ കോർഫുവിൽ നിന്ന് ഡസൽഡോർഫിലേക്ക് പറന്നുയർന്ന വിമാനം എഞ്ചിനിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ ഇറ്റലിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. 273 യാത്രക്കാരും എട്ട് ജീവനക്കാരുമായി പറന്ന ബോയിംഗ് 757-300 കോണ്ടോർ വിമാനത്തിന്റെ എഞ്ചിനിലാണ് തീപിടിത്തമുണ്ടായത്.
ശനിയാഴ്‌ച രാത്രിയായിരുന്നു സംഭവം. പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് വിമാനത്തിന്റെ വലത് എഞ്ചിനിൽ തീപിടിച്ചത്. അടിയന്തര ലാൻഡിംഗിന് ശേഷം പിറ്റേദിവസമാണ് വിമാനം വീണ്ടും ഡസൽഡോർഫിലേക്ക് പറന്നുയർന്നത്. ആകാശത്തിലൂടെ പറക്കുന്ന വിമാനത്തിൽ തീ പടരുന്നതിന്റെ 18 സെക്കൻഡ് ദൈർഘ്യമുള്ള ഭയാനകമായ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന്റെ ഫ്യൂസ്‌ലേജിന്റെ വലതുഭാഗത്ത് നിന്ന് തീപ്പൊരികൾ ചിതറുന്നത് വീഡിയോയിൽ കാണാം. വിമാനത്തിന്റെ സമീപത്ത് പക്ഷികളുടെ കൂട്ടം കാണാം. ഇവ ഇടിച്ചതാകാം എഞ്ചിൻ കത്താനുള്ള കാരണമെന്നും സംശയിക്കുന്നുണ്ട്.
തകരാറുണ്ടെന്ന് മനസിലാക്കിയ ഉടൻതന്നെ തകരാറുള്ള എഞ്ചിൻ പൈലറ്റ് ഷട്ട്‌ഡൗൺ ചെയ്‌തു. പിന്നീട് ഒറ്റ എഞ്ചിനിൽ പറന്ന വിമാനം ഇറ്റലിയിലെ ബ്രിണ്ടിസിയിൽ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലുകളിൽ ആവശ്യത്തിന് മുറികൾ ലഭ്യമല്ലാത്തതിനാൽ യാത്രക്കാർക്ക് ഒരു രാത്രി മുഴുവൻ വിമാനത്തിൽ തന്നെ കഴിയേണ്ടിവന്നെന്നാണ് റിപ്പോർട്ട്. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ വിമാനക്കമ്പനി ക്ഷമ ചോദിച്ചു.
'അറ്റാരി ഫെരാരി' എന്ന് വിളിപ്പേരുള്ള ബോയിംഗ് 757 വിമാനം ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള വിമാന മോഡലുകളിലൊന്നാണ്. ഏതാണ്ട് 50 വർഷത്തോളം പ്രവർത്തന പാരമ്പര്യം ഈ വിമാന മോഡലിനുണ്ട്. കഴിഞ്ഞ മാസം യുഎസ് എയർലൈൻ ഡെൽറ്റയുടെ ലോസ് ഏഞ്ചൽസ് - അറ്റ്‌ലാന്റ വിമാനവും ഇതേ രീതിയിൽ ഇടത് എഞ്ചിനിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു.