ഫോട്ടോഷൂട്ടിന് പോയ വധൂവരന്മാർക്ക് മർദനം, കാർ തകർത്തു; പത്തനംതിട്ടയിൽ നാല് യുവാക്കൾ അറസ്റ്റിൽ

Tuesday 19 August 2025 10:45 AM IST

പത്തനംതിട്ട: വിവാഹദിനത്തിൽ ഫോട്ടോ ഷൂട്ടിനായി കാറിൽ സഞ്ചരിച്ച നവവരനെയും വധുവിനെയും യുവാക്കൾ വഴിതടഞ്ഞ് മർദിച്ചു. പത്തനംതിട്ട മല്ലപ്പള്ളിയിൽ കല്ലൂപ്പാറ നെടുമ്പാറയിലാണ് സംഭവം. ബൈക്കിന് വശം കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സഹോദരങ്ങളായ മൂന്നുപേർ ഉൾപ്പെടെ നാല് പ്രതികളെ കീഴ്‌വായ്‌പ്പൂർ പൊലീസ് അറസ്റ്റ് ചെയ്‌തു.

കല്ലൂപ്പാറ നെടുമ്പാറ മണ്ണഞ്ചേരി മലയിൽ വീട്ടിൽ അഭിജിത്ത് അജി (27), അഖിൽജിത്ത് അജി (25), അമൽജിത്ത് അജി (22), പുറമറ്റം വലിയപറമ്പിൽ വീട്ടിൽ മയൂഖ് നാഥ് (20) എന്നിവരാണ് പിടിയിലായത്. നവദമ്പതിമാരായ നെടുമ്പാറ കോലാനിക്കൽ മലയിൽ മുകേഷ് മോഹൻ (31), കോട്ടയം കുറിച്ചി സ്വദേശിനി ദീപ്‌തി മോൾ എന്നിവർക്കാണ് മർദനമേറ്റത്.

ഇക്കഴിഞ്ഞ 17നായിരുന്നു വിവാഹം. വൈകിട്ട് നാലിന് മുകേഷും വധുവും വീട്ടിലേക്ക് സഞ്ചരിച്ച കാർ ബൈക്കിനു വശംകൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വധൂവരന്മാർ യാത്രചെയ്‌ത കാറിൽ ഫോട്ടോഗ്രാഫർമാരും ഉണ്ടായിരുന്നു. കാറിന്റെ മുന്നിൽ കയറി തടഞ്ഞുനിർത്തിയശേഷം അഭിജിത്ത് വരനെയും വധുവിനെയും ആക്രമിച്ചു. മറ്റ് പ്രതികൾ കാറിന്റെ പിന്നിലെ ഗ്ലാസ് അടിച്ചുപൊട്ടിച്ചു. ഡോറുകൾ ഇടിച്ച് കേടുവരുത്തി.

മുകേഷിന്റെ സുഹൃത്തുക്കളും പ്രതികളും തമ്മിൽ ഒരു വർഷം മുമ്പ് അഭിജിത്തിന്റെ വിവാഹദിവസം അടിപിടി ഉണ്ടായിട്ടുണ്ട്. അതിന്റെ മുൻവൈരാഗ്യം തീർത്തതാണെന്നും പറയപ്പെടുന്നുണ്ട്. അഖിൽജിത്തും അമൽജിത്തും മറ്റൊരു അടിപിടിക്കേസിലും പ്രതികളാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.