ഓസ്കാർ ജേതാവിന്റെ ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം നിരസിച്ചു, കാരണം വെളിപ്പെടുത്തി ഫഹദ് ഫാസിൽ
ഓസ്കാർ ജേതാവ് അലജാൻഡ്രോ ഗൊൺസാലസ് ഇനാരിറ്റുവിന്റെ ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ ഓഫർ ലഭിച്ചിരുന്നതായി നടൻ ഫഹദ് ഫാസിൽ. പിന്നീട് അത് ഒഴിവാക്കിയതിനെക്കുറിച്ചും നടൻ വെളിപ്പെടുത്തി. പുതിയ ചിത്രമായ ഓടും കുതിര ചാടും കുതിരയുടെ പ്രമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'അദ്ദേഹവുമായി വിഡിയോ കോളിൽ സംസാരിച്ചിരുന്നു. ഇനാരിറ്റുവിന് പറ്റാതിരുന്നത് എന്റെ ആക്സന്റാണ്. അത് ശരിയാക്കാൻ ഏകദേശം നാല് മാസത്തേക്ക് ഞാൻ യുഎസിൽ താമസിക്കേണ്ടിവരുമെന്നും ആ സമയത്ത് പ്രതിഫലം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ആ അവസരം ഉപേക്ഷിച്ചത്'. ഫഹദ് പറഞ്ഞു.
ബേർഡ്മാൻ, ദി റെവനന്റ് എന്നീ ചിത്രങ്ങൾക്ക് തുടർച്ചയായി രണ്ടുതവണ മികച്ച സംവിധായകനുള്ള ഓസ്കാർ ഇനാരിറ്റു നേടിയിട്ടുണ്ട്, ജോൺ ഫോർഡിനും ജോസഫ് എൽ മാൻകീവിച്ചിനും ശേഷം ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ മൂന്നാമത്തെ സംവിധായകനാണ് ഇനാരിറ്റു. ലിയനാർഡോ ഡികാപ്രിയോയ്ക്ക് ഓസ്കാർ നേടിക്കൊടുത്ത ചിത്രവും അദ്ദേഹത്തിന്റേതാണ്.
അതേസമയം, തന്റെ കരിയറിലും ജീവിതത്തിലും കാര്യമായ മാറ്റങ്ങൾ സംഭവിക്കുകയാണെങ്കിൽ അത് മലയാളത്തിൽ സംഭവിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഫഹദ് ഫാസിൽ പറയുന്നു.
'എന്റെ ജീവിതത്തില്‍ എല്ലാ മാജിക്കും സംഭവിച്ചിരിക്കുന്നത് ഇവിടെയാണ്. ഇനി എന്റെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാവുകയാണെങ്കില്‍ അതും ഇവിടെ വച്ച് തന്നെ സംഭവിക്കണം എന്നാണ് എന്റെ ആഗ്രഹം. അല്ലാതെ ആ മാറ്റത്തിനോ മാജിക്കിനോ വേണ്ടി കേരളത്തിന് പുറത്തേക്ക് പോകണം എന്ന് എനിക്കില്ല'. ഫഹദ് പറഞ്ഞു.