കഴിച്ചിട്ട് ആഹാരം ബാക്കിവച്ചാൽ ഇക്കാര്യം ചെയ്യേണ്ടി വരും, റെസ്റ്റോറന്റിന്റെ തീരുമാനത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ

Tuesday 19 August 2025 1:02 PM IST

പൂനെ: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലുമൊക്കെ പതിവ് കാഴ്ചയാണ് ധാരാളമായി ആഹാരം പാഴാക്കുന്നത്. ആവശ്യത്തിലധികം വിഭവങ്ങൾ ഓർഡർ ചെയ്യുന്നവരും കുട്ടികളുമാണ് സാധാരണ ഇത്തരത്തിൽ ആഹാരം പാഴാക്കുന്നത്. ഇപ്പോഴിതാ ഇതിന് പരിഹാരം കാണുന്നതിനായി ഒരു ദക്ഷിണേന്ത്യൻ റെസ്റ്റോറന്റ് സ്വീകരിച്ച മാർഗമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്.

ആഹാരം പാഴാക്കുന്നവരിൽ അധികമായി 20 രൂപ ഈടാക്കുകയാണ് പൂനെയിലെ ഈ ദക്ഷിണേന്ത്യൻ റെസ്റ്റോറന്റ് ചെയ്യുന്നത്. മെനു ബോർഡിൽ ഇക്കാര്യവും അറിയിച്ചിട്ടുണ്ട്. ഒരു ഉപഭോക്താവ് എക്‌സിൽ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 'പൂനെയിലെ ഒരു ഹോട്ടൽ ഭക്ഷണം പാഴാക്കുന്നവരിൽ നിന്ന് 20 രൂപ അധികമായി ഈടാക്കുന്നു. എല്ലാ റെസ്റ്റോറന്റുകളും ഇത് നടപ്പിലാക്കണം. വിവാഹങ്ങൾക്കും ചടങ്ങുകൾക്കും പിഴ ഈടാക്കാൻ തുടങ്ങണം'-എന്ന കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് വൈറലായതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഭക്ഷണം പാഴാക്കുന്നത് തടയാനുള്ള നീക്കത്തെ ഏറെപ്പേർ സ്വാഗതം ചെയ്തു. എന്നാൽ ഉപഭോക്താക്കളെ ഇഷ്ടപ്പെടാത്ത ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്നത് അന്യായമാണെന്നാണ് ചിലർ വാദിക്കുന്നത്.