'സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു'; ദൈവം ആ നിമിഷം സമ്മാനിച്ചു

Tuesday 19 August 2025 2:40 PM IST

ഏഴ് മാസത്തെ വിശ്രമത്തിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. അദ്ദേഹം പൂർണ ആരോഗ്യവാനാണ്. അവസാന ടെസ്റ്റുകളും കഴിഞ്ഞു. സ്‌കാൻ അടക്കമുള്ള റിപ്പോർട്ടുകൾ അനുകൂലമാണ്. ആരാധകർ ഏറെ സന്തോഷത്തിലാണ്. ഒരു മാസത്തിനകം അദ്ദേഹം സിനിമയിൽ സജീവമാകും. നിർമാതാവും മമ്മൂട്ടിയുടെ സന്തത സഹചാരിയുമായ എസ് ജോർജ് പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയറിയിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിപ്പിട്ടിട്ടുണ്ട്.

കൈകൂപ്പി നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പമാണ് അദ്ദേഹം കുറിപ്പ് പോസ്റ്റ് ചെയ്തത്. "സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും,

കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി"- എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്.

മലയാളികൾ ഒന്നടങ്കം കാത്തിരുന്ന നിമിഷമായിരുന്നു ഇതെന്ന് മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലയുള്ള പിആർഒ റോബർട്ട് കുര്യാക്കോസ് പറഞ്ഞു. 'അദ്ദേഹം സജീവമായിരുന്നു ഷൂട്ടിംഗിൽ നിന്ന് മാത്രമായിരുന്നു ഇടവേളയെടുത്തത്. പൂർണമായ ആരോഗ്യത്തിലേക്ക് തിരിച്ചെത്തുന്നത് കാത്തിരിക്കുകയായിരുന്നു. ദൈവം ആ നിമിഷം സമ്മാനിച്ചുവെന്നതാണ് യാഥാർത്ഥ്യം.'- അദ്ദേഹം പറഞ്ഞു.

ഡോക്ടർമാർ പൂർണ വിശ്രമം നിർദേശിച്ചതോടെയായിരുന്നു മമ്മൂട്ടി ചെറിയൊരു ഇടവേളയെടുത്തത്. പ്രാർത്ഥനകൾ ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫും പോസ്റ്റിട്ടിട്ടിണ്ട്. മമ്മൂട്ടി സുഖമായിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ അനന്തരവനും നടനുമായ അഷ്‌കർ സൗദാൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്തംബർ ഏഴിന് വലിയ പ്രഖ്യാപനത്തോടെ തിരിച്ചുവരവ് നടത്തിയേക്കുമെന്നും അഷ്‌കർ പറഞ്ഞിരുന്നു. കളങ്കാവൽ ആണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം.