'നിങ്ങളുടെ എസി മുറികൾ നായ്ക്കൾക്കായി തുറന്നുകൊടുക്കൂ'; വിമർശിച്ച് സംവിധായകൻ  രാം  ഗോപാൽ  വർമ്മ

Tuesday 19 August 2025 3:51 PM IST

ചെന്നെെ: തെരുവ് നായ്‌ക്കളെ മാറ്റിപ്പാർപ്പിക്കുന്നത് ഒരു പരിഹാരമല്ലെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. നായ പ്രേമികൾക്ക് തെരുവ് നായ്ക്കളോട് ഇത്രയും ഇഷ്ടവും കരുതലും ഉണ്ടെങ്കിൽ അവയ്ക്കായി ഒരു മുറി തുറന്നുകൊടുക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ എക്സ് പേജിലൂടെയായിരുന്നു പ്രതികരണം.

'നായ്ക്കളെ മാറ്റിപ്പാർപ്പിക്കൂവെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ തെരുവ് നായ്ക്കളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് ഇവിടെയുള്ള പ്രശ്നം അവിടേക്ക് വലിച്ചെറിയുന്നത് പോലെയാണ്. എവിടെയാണ് ഏഴ് കോടി നായ്ക്കളെ അയക്കാൻ പോകുന്നത്. സ്ഥലം മാറ്റുന്നത് ഒരു പരിഹാരമല്ല. നായ പ്രേമികൾ അവരുടെ എസി വീടിനുള്ളിൽ ഇരുന്നാണ് ഇതിനെക്കുറിച്ച് പ്രസംഗിക്കുന്നത്. അതേസമയം ദരിദ്രർ തെരുവിൽ യഥാർത്ഥ ഭീഷണി നേരിടുന്നു. നായ പ്രേമികൾക്ക് അത്രയധികം താൽപര്യമുണ്ടെങ്കിൽ അവരുടെ മുറികൾ നായ്ക്കൾക്ക് വേണ്ടി തുറന്നുകൊടുക്കട്ടെ. നിങ്ങളുടെ ആഡംബര ഇടങ്ങൾ തെരുവ് നായ നശിപ്പിക്കുമ്പോൾ, നിങ്ങളുടെ കുട്ടികളെ നായ കടിക്കുമ്പോൾ അവയ്ക്ക് വേണ്ടി പ്രസംഗിക്കുമോ?'- രാം ഗോപാൽ വർമ്മ വ്യക്തമാക്കി.

രാജ്യത്തെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷം ആകുന്നുണ്ട്. കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും നിരവധി പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. ചിലർ മരിച്ചിട്ടുണ്ട്. രണ്ട് മാസം കൊണ്ട് ഡൽഹി തെരുവുകളിലെ നായ്ക്കളെയെല്ലാം ഷെൽട്ടർ ഹോമിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ നിരവധി പേർ രംഗത്തെത്തി. പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം.