ആഘോഷമാക്കി സോഷ്യൽ മീഡിയ, 'ദ കിംഗ് ഈസ് ബാക്ക്'
അഞ്ചു മാസത്തിനുശേഷം മമ്മൂട്ടി അഭിനയത്തിലേക്ക്
അഞ്ചു മാസത്തിനുശേഷം മമ്മൂട്ടി വീണ്ടും അഭിനയത്തിൽ സജീവമാകുന്നു. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണത്തിൽ അടുത്തമാസം ഒടുവിലോ ഒക്ടോബർ ആദ്യമോ ജോയിൻ ചെയ്യും. ചികിത്സാർത്ഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ മമ്മൂട്ടി പൂർണ ആരോഗ്യവാനാണെന്ന് അടുത്ത കേന്ദ്രങ്ങൾ അറിയിച്ചതോടെ സമൂഹമാദ്ധ്യമങ്ങളിൽ ആഘോഷം തുടങ്ങി. മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ ആഹ്ളാദം പങ്കുവച്ചു.
ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു. ദൈവമേ നന്ദി. നന്ദി. നന്ദി. മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ച് നിർമ്മാതാവ് ആന്റോ ജോസഫ് സമൂഹമാധ്യമത്തിൽ കുറിച്ചു.
മലയാള സിനിമയിലെ പ്രമുഖർ ആന്റോ ജോസഫിന്റെ പോസ്റ്റിനുതാഴെ ആശംസകളും പ്രാർത്ഥനയുമായി എത്തി. അതേസമയം മമ്മൂട്ടി പങ്കെടുക്കുന്ന അറുപത് ദിവസത്തെ ചിത്രീകരണം മഹേഷ് നാരായണൻ ചിത്രത്തിന് അവശേഷിക്കുന്നുണ്ട്.
കൊച്ചിയിലും ലണ്ടനിലുമാണ് ചിത്രീകരണം. കൊച്ചിയിലാണ് അടുത്ത ഷെഡ്യൂൾ. മമ്മൂട്ടി, മോഹൻലാൽ, നയൻതാര എന്നിവരുടെ കോമ്പിനേഷൻ സീൻ ഉൾപ്പെടെ ചിത്രീകരിക്കാനുണ്ട്.മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് മഹേഷ് നാരായണൻ ചിത്രം ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.കുഞ്ചാക്കോ ബോബനും ദർശന രാജേന്ദ്രനും പങ്കെടുക്കുന്ന ഗാനരംഗം കഴിഞ്ഞ ദിവസം ലഡാക്കിൽ ചിത്രീകരിച്ചിരുന്നു.