അങ്കണവാടികളിൽ സ്മാർട്ട് ടി.വി പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്
പാലാ: ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷന്റെ പരിധിയിലുള്ള കിടങ്ങൂർ, മുത്തോലി, കൊഴുവനാൽ, അകലക്കുന്നം, എലിക്കുളം, മീനച്ചിൽ പഞ്ചായത്തുകളിലെ 58 പഞ്ചായത്തു വാർഡുകളിലെ 74 അങ്കണവാടികളിൽ സ്മാർട്ട് ടി.വി നൽകുന്ന പദ്ധതിയ്ക്ക് 10 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. കുട്ടികളുടെ സന്തോഷത്തിനും അവരുടെ ബൗദ്ധികവളർച്ചയ്ക്കാവശ്യമായ ചെറുകഥകൾ, പാട്ട്, ചെറുപ്രഭാഷണങ്ങൾ, കുട്ടികൾക്ക് സന്തോഷകരമായ മറ്റിതര പ്രോഗ്രാമുകളും ടി.വി.യിലൂടെ ആസ്വദിക്കുന്നതിനുള്ള അവസരം ലഭിക്കും. കേബിൾ കണക്ഷനില്ലാതെ പെൻഡ്രൈവിൽ തയ്യാറാക്കി നൽകുന്ന പ്രോഗ്രാമുകൾ മാത്രമായിരിക്കും പ്രദർശിപ്പിക്കുന്നത്. സെപ്തംബർ ആദ്യവാരം എല്ലാ അങ്കണവാടികളിലും തിരുവോണസമ്മാനമായി സ്മാർട്ട് ടി.വി. എത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ അറിയിച്ചു.