ഓർമ്മയാകുന്ന ആലകൾ
കല്ലറ: അയൽ സംസ്ഥാനങ്ങളിൽ നിന്നും മെഷീൻ നിർമ്മിത പണിയായുധങ്ങൾ കേരളത്തിലേക്ക് എത്തിയതോടെ മലയാളികളുടെ പരമ്പരാഗത തൊഴിൽകൂടി മണ്ണടിയുന്നു. ഓണക്കാലമായാൽ കർഷകർ ഉൾപ്പെടെയുള്ള തൊഴിലാളികൾ തങ്ങളുടെ പണിയായുധങ്ങൾ മൂർച്ചകൂട്ടാനും പുതിയവ പണിയാനും ആലകൾ തിരക്കി നടക്കുമായിരുന്നു. എന്നാൽ ആയുധങ്ങൾ മൂർച്ച കൂട്ടാൻ ആരെങ്കിലും എത്തിയെങ്കിലായെന്ന അവസ്ഥയാണ്. നിലവിൽ പരമ്പരാഗത തൊഴിലായിരുന്ന ആലപ്പണി ഇപ്പോൾ വിഭാഗത്തിന്റേതുമാത്രമായി ഒതുങ്ങി.
പണിയായുധങ്ങളും വേണ്ട
കാർഷിക ആവശ്യങ്ങൾക്കുള്ള ആയുധങ്ങളായ അരിവാൾ, വെട്ടുകത്തി,കൈക്കോട്ട്,കമ്പിപ്പാര തുടങ്ങിയ ആയുധങ്ങളും കോടാലി,പിച്ചാത്തി,ചിരവ എന്നിവയ്ക്കും ധാരളം ആളുകൾ എത്തുമായിരുന്നു. എന്നാൽ, കൃഷിയിടങ്ങളിൽ കൊയ്ത്ത് യന്ത്രവും മറ്റും വന്നതോടെ പണിയായുധങ്ങൾ ആർക്കും വേണ്ടാതായി.
ഗുണം കുറവ്
ഒരു കത്തിയുണ്ടാക്കാൻ രണ്ട് ദിവസം വേണം. 180-200 രൂപ വിലയും വരും. എന്നാൽ അതിന്റെ പകുതി വിലയ്ക്ക് അവ കടയിൽ നിന്നും വാങ്ങാൻ കിട്ടും. എന്നാൽ ആലകളിൽ നിർമ്മിക്കുന്നവയുടെ ഗുണമോ ആയുസോ ഇവയ്ക്കുണ്ടാകാറില്ല. ആവശ്യക്കാർ കുറഞ്ഞതോടെ പട്ടിണിമാറ്റാൻ പലരും കൊല്ലപ്പണി ഉപേക്ഷിച്ച് മറ്റ് തൊഴിലുകൾ തേടിപ്പോയി.
കൂടാതെ ആലകളിലേക്ക് വേണ്ട കരിയും മറ്റ് അസംസ്കൃത വസ്തുക്കളും കിട്ടാതായതോടെ പലരും കുലത്തൊഴിൽ ഉപേക്ഷിച്ചു. തങ്ങളുടെ കുലത്തെ സംരക്ഷിക്കാനുള്ള ഒരു ആനുകൂല്യങ്ങളും പരിഗണനകളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി.