വിതുര നെടുമങ്ങാട് റൂട്ടിൽ ചെയിൻ സർവീസ് ആരംഭിക്കണം

Wednesday 20 August 2025 1:16 AM IST

വിതുര: നെടുമങ്ങാട് വിതുര റൂട്ടിൽ ചെയിൻസർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ രാവിലെയും വൈകിട്ടുമാണ് യാത്രാപ്രശ്നം കൂടുതൽ നിലനിൽക്കുന്നത്. ഇതുസംബന്ധിച്ച് അനവധി തവണ പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

പഠനം കഴിഞ്ഞ് നിശ്ചിതസമയങ്ങളിൽ വീടുകളിലെത്താൻ കഴിയുന്നില്ലെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും പറയുന്നത്. കൺസഷനുണ്ടെങ്കിലും ബസിന്റെ അഭാവം വിദ്യാർത്ഥികളെ ചില്ലറയല്ല വലയ്ക്കുന്നത്.

നെടുമങ്ങാട് ഡിപ്പോയിൽനിന്നും വേണ്ടത്ര ബസുകൾ വിതുര റൂട്ടിൽ സർവീസ് നടത്തുന്നില്ലെന്ന് പരാതിയുയർന്നിട്ടുണ്ട്. നേരത്തേ അനവധി സർവീസുകളുണ്ടായിരുന്നെങ്കിലും വിതുര ഡിപ്പോ പ്രവർത്തനം ആരംഭിച്ചപ്പോൾ ഘട്ടം ഘട്ടമായി ബസുകൾ നിറുത്തലാക്കുകയായിരുന്നു. മാത്രമല്ല കൊവിഡിനുശേഷം അനവധി സർവീസുകൾ നിർത്തലാക്കിയിരുന്നു.

സ്വകാര്യസർവീസുകളും ഇല്ല

നേരത്തേ വിതുര നെടുമങ്ങാട് റൂട്ടിനെ സജീവമാക്കി സ്വകാര്യ സർവീസുകളുണ്ടായിരുന്നു. എന്നാൽ വിതുര നെടുമങ്ങാട് റൂട്ടിൽ ചെയിൻസർവീസ് ആരംഭിച്ചതോടെ സ്വകാര്യ സർവീസുകൾ കളം വിട്ടു. എന്നാൽ ക്രമേണ കെ.എസ്.ആർ.ടി.സി സർവീസുകളുടെ എണ്ണം കുറച്ചു. ഇടക്ക് ചെയിൻ സർവീസ് പുനരാരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി മേധാവികൾ വ്യക്തമാക്കിയെങ്കിലും പിന്നീട് അനക്കമില്ലാതായി.

യാത്രാക്ലേശം വർദ്ധിക്കുന്നു

നിലവിൽ മലയോര മേഖലകളിലെ ഡിപ്പോകളിൽ കളക്ഷനിൽ വർദ്ധനയുണ്ടായിട്ടുണ്ട്. നെടുമങ്ങാട്, ആര്യനാട്, വിതുര, പാലോട് ഡിപ്പോകളിൽ നിന്നും വിതുര നെടുമങ്ങാട് റൂട്ടിൽ കൂടുതൽ ബസ് സർവീസ് ആരംഭിക്കണമെന്നാണ് യാത്രാക്കാരുടെ ആവശ്യം. ഞായറാഴ്ചകളിൽ നിലവിലുള്ള സർവീസുകൾ കൂടി നിറുത്തിവയ്ക്കുന്നുണ്ട്. യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം നടത്താനുള്ള തയ്യാറെടുപ്പിലാണ്.

സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു

മലയോരമേഖലയിലെ ഡിപ്പോകളിൽ അവധി ദിനങ്ങളിൽ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത് തുടരുകയാണ്. ഫാസ്റ്റ് ഉൾപ്പെടെയുള്ള സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഞായറാഴ്ചകൾ ഡ്രൈഡേയാണ്. കൊവിഡുകാലത്ത് ആരംഭിച്ച ഈ ഷെഡ്യൂൾ പരിഷ്ക്കാരം ഇപ്പോഴും തുടരുകയാണ്.