പൊട്ടിപ്പൊളിഞ്ഞ് പെരിങ്ങമ്മല ജംഗ്ഷൻ-പനയറക്കുന്ന് റോഡ്

Wednesday 20 August 2025 1:54 AM IST

ബാലരാമപുരം: വെങ്ങാനൂർ പഞ്ചായത്തിൽ പെരിങ്ങമ്മല ജംഗ്ഷൻ പനയറക്കുന്ന് ഭാഗത്തേക്ക് പോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. പെരിങ്ങമ്മല ജംഗ്ഷനിൽ നിന്നും പനയറക്കുന്ന് ഭാഗത്തേക്ക് കടന്നുപോകുന്ന ഭാഗമാണ് ടാർ ഒലിച്ച് പൂർണമായും തകർന്നത്.

ബൈക്ക് യാത്രക്കാർ റോഡിലെ കുഴികളിലകപ്പെട്ട് തെന്നിവീഴുന്നതും പതിവാണ്. പള്ളിച്ചൽ -വിഴിഞ്ഞം മരാമത്ത് റോഡിലെ ഒരു ഭാഗം പഞ്ചായത്ത് പരിധിയിലാണ് സ്ഥിതിചെയ്യുന്നത്. ബ്ലോക്ക് ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് കുഴികളടച്ച് റോഡിന്റെ പുനരുദ്ധാരണം നടത്തണമെന്നാണ് ആവശ്യം. ദിവസേന നൂറുകണക്കിന് വാഹനമാണ് രാപകലില്ലാതെ ഇതുവഴി പോകുന്നത്. വളവ് തിരിയുന്ന ഭാഗമായതിനാൽ അപകടസാദ്ധ്യത വർദ്ധിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ ഗ്രാമീണറോഡുകളുടെ ദുരിതം ചൂണ്ടിക്കാണിക്കാൻ നാട്ടുകാർ രംഗത്തെത്തുകയാണ്.

വെള്ളക്കെട്ട് പതിവ്

റോഡ് നിർമാണത്തിലെ അശാസ്ത്രീയത കാരണം ഈ ഭാഗത്ത് വെള്ളക്കെട്ടും പതിവാണ്. വഴിയാത്രക്കാർക്കുപോലും നടന്നുപോകാൻ കഴിയാത്തവിധം റോഡ് വെള്ളത്തിൽ മുങ്ങുന്ന കാഴ്ച്യാണ്. വാഹനം കടന്നുപോകുമ്പോൾ മലിനജലം ദേഹത്ത് വീഴുന്നതും മറ്റൊരു യാത്രാദുരിതമാണ്. ഇക്കാരണത്താൽ പകർച്ചവ്യാധികൾ പിടിപെടാനുള്ള സാദ്ധ്യതയുമുണ്ട്. ജനപ്രതിനിധികളോട് നാട്ടുകാർ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

സാങ്കേതിക ബുദ്ധിമുട്ടെന്ന്

ജനപ്രതിനിധികൾ

മരാമത്ത് റോഡ് പരിധിയിലായതിനാൽ പഞ്ചായത്ത് ഫണ്ട് അനുവദിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നാണ് ജനപ്രതിനിധികൾ അറിയിച്ചിരിക്കുന്നത്. പ്രധാന റോഡുകളിൽ മെയിന്റനൻസ് ജോലികൾക്ക് മരാമത്ത് വകുപ്പ് ഫണ്ട് അനുവദിക്കാറുണ്ട്. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയും പഞ്ചായത്ത് പരിധിയിലല്ല റോഡ് സ്ഥിതി ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയും മരാമത്ത് കത്ത് നൽകിയാൽ മാത്രമേ മെയിന്റനൻസ് ജോലികളിലേക്ക് അധികൃതർക്ക് കടക്കാൻ സാധിക്കൂ.