വീണ്ടും കളംപിടിച്ച് തെരുവുനായകൾ കണ്ണൂർ നഗരത്തിൽ 14 പേർക്ക് കടിയേറ്റു
കണ്ണൂർ: ചെറിയ ഇടവേളക്ക് ശേഷം നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം.കാൾടെക്സ്,സബ്ബ് ജെയിൽ പരിസരം അത്താഴക്കുന്ന്,വാരം എന്നിവിടങ്ങളിലായി ഇന്നലെ കടിയേറ്റത് 14 പേർക്ക്.പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.കടിച്ച നായയെ പിടികൂടിയെന്ന് അധികൃതർ പറഞ്ഞു .
കഴിഞ്ഞ മാസം 12 ന് പയ്യാമ്പലം ഭാഗത്തുള്ള തില്ലേരി മിലിട്ടറി ആശുപത്രിക്ക് സമീപത്ത് വച്ച് മൂന്നുപേർക്ക് കടിയേറ്റിരുന്നു.ഒരു മാസം പിന്നിടുമ്പോഴേക്കാണ് വീണ്ടും തെരുവുനായ 14 പേരെ കടിച്ചു കീറിയത്.പ്രീത, സുധ, താവക്കരയിലെ നിസാർ, സുഹൈൽ, കണ്ണപുരത്തെ പ്രതാപ്, വാരം സ്വദേശി ലത്തീഫ്, മലപ്പുറത്തെ മോഹനൻ, ബ്ലാത്തൂരിലെ പത്മനാഭൻ, മാതമംഗലത്തെ സുഹൈൽ, പാപ്പിനിശേരി സ്വദേശി ഗോപിക എന്നിവരടക്കമുള്ളവർക്കാണ് കടിയേറ്റത്.
കൂടുതൽ പേർക്കും കാലിനാണ് കടിയേറ്റത്. 12.30 മുതൽ പകൽ രണ്ട് വരെയുള്ള സമയങ്ങളിലാണ് നായയുടെ പരാക്രമം ഉണ്ടായത്. പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി കുത്തിവെപ്പെടുത്തു.
വഴി നടക്കാനാകാതെ ജനം
നഗരത്തിൽ ആളുകൾക്ക് തെരുവുനായ പേടിച്ച് വഴി നടക്കാൻ പോലും കഴിയാത്തെ സ്ഥിതിയാണ്.പയ്യാമ്പലത്ത് പേവിഷബാധയേറ്റ് അഞ്ചുവയസുകാരൻ കഴിഞ്ഞമാസമാണ് മരിച്ചത്.കണ്ണൂർസിറ്റി, പയ്യാമ്പലം, ബർണശ്ശേരി, കാൾടെക്സ്, താണ, റെയിൽവേ സ്റ്റേഷൻ പരിസരം തുടങ്ങിയ സ്ഥലങ്ങളെല്ലാം തെരുവുനായ്ക്കൾ വിഹരിക്കുകയാണ്. കഴിഞ്ഞദിവസം റെയിൽവേ സ്റ്റേഷൻ പരിസരത്ത് രണ്ടുപേരെ നായ കടിച്ചിരുന്നു. രണ്ടുമാസം മുമ്പ് റെയിൽവേ സ്റ്റേഷനിൽനിന്നടക്കം ഒരു ദിവസം 11 പേരെയും തൊട്ടടുത്ത ദിവസം എഴുപതോളം പേരെയും തെരുവ് നായ കടിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കാൾടെക്സിലെ മൂന്നുനില കെട്ടിടത്തിൽ കയറിയ തെരുവുനായ വിദ്യാർത്ഥികളെ ഓടിച്ചത് കഴിഞ്ഞ ദിവസമാണ്.സ്‌കൂളുകളിലേക്കും രാവിലെ മദ്രസയിലേക്കും വിദ്യാർത്ഥികളുടെ ഒപ്പം രക്ഷിതാക്കളും ഒരുമിച്ച് പോകേണ്ട അവസ്ഥയാണ് . ഇരുചക്രവാഹനങ്ങൾക്ക് പിന്നാലെ ഓടുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളും കുറവല്ല.
ഒറ്റ ഷെൽട്ടറിൽ പ്രതിരോധമൊരുക്കി അധികൃതർ
ഒറ്റദിവസം എഴുപതോളം പേർക്ക് കടിയേറ്റതിനെ തുടർന്നുണ്ടായ പ്രതിഷേധം തണുപ്പിക്കാൻ കോർപറേഷൻ മാളികപറമ്പിൽ തെരുവുനായ്ക്കൾക്കായി ഷെൽട്ടർ സ്ഥാപിച്ചെങ്കിലും കാര്യങ്ങൾ നിയന്ത്രണത്തിലാക്കാനായിട്ടില്ല. തെരുവുനായ വിഷയത്തിൽ കോർപറേഷനും ജില്ല പഞ്ചായത്തും പരസ്പരം പഴിചാരുകയാണ് ഇപ്പോഴും. എൺപതോളം പേർക്ക് കടിയേറ്റതിന് പിന്നാലെ രണ്ടുദിവസത്തിനുള്ളിൽ മൂന്ന് താത്ക്കാലിക ഷെൽട്ടർ ഹോമുകൾ സ്ഥാപിച്ച് നഗരത്തിൽ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി ഇവിടേക്ക് മാറ്റണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർദേശിച്ചിരുന്നു. മൂന്നുദിവസത്തിനുള്ളിൽ നടപടി എടുക്കുമെന്ന് കോർപ്പറേഷൻ ഉറപ്പ് നൽകിയെങ്കിലും ഒറ്റ ഷെൽട്ടറിൽ നടപടി ഒതുങ്ങി. ആവശ്യമായ ഷെൽട്ടർ ഹോം കണ്ടെത്തുന്നതിൽ പോലും അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല. നിലവിൽ കോർപ്പറേഷൻ ചാലാട് മാളികപ്പറമ്പിൽ കണ്ടെത്തിയ ഷെൽട്ടറിൽ 20 നായകളെ ഇടാൻ മാത്രമെ സൗകര്യമുള്ളു.