ബീവറേജ് ഔട്ട്‌ലെറ്റ് അടക്കം നാല് കടകളിൽ മോഷണം ; കണ്ണൂരിൽ മഴക്കള്ളൻമാർ
കണ്ണൂർ: പാറക്കണ്ടിയിലെ ബീവറേജ് ഔട്ട് ലെറ്റിലും സമീപത്തെ മൂന്നുകടകളിലും പൂട്ട് തകർത്ത് മോഷണം. ബീവറേജ് ഔട്ട്ലെറ്റിലെ പ്രീമിയം ജനറൽ കൗണ്ടറിന്റെ പൂട്ട് തകർത്ത് നാല് മദ്യകുപ്പികൾ കവർന്നു. സമീപത്തെ മൂന്ന് കടകളുടെയും പൂട്ട് തകർത്ത നിലയിലാണ്.
ഇന്നലെ രാവിലെ ജീവനക്കാർ കട തുറക്കാനായി എത്തിയപ്പോഴാണ് പൂട്ട് തകർന്ന് കിടക്കുന്നത് കണ്ടത്. വിവരമറിയിച്ചതിന് പിന്നാലെ കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി . ബീവറേജസ് ഔട്ട്‌ലെറ്റിന്റെ കൗണ്ടറിൽ നിന്ന് പണം നഷ്ടപ്പെട്ടതായും സൂചനയുണ്ട്. അനീഷ്, ഷെറിൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള എ.എസ് സ്റ്റോർ, അഞ്ചരക്കണ്ടിയിലെ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള പ്രസാദ് സ്റ്റോർ, അഞ്ചരക്കണ്ടിയിലെ രമ്യയുടെ ഉടമസ്ഥതയിലുള്ള സി.കെ. സ്റ്റോർ എന്നി കടകളുടെയും പൂട്ട് തകർത്ത നിലയിലാണ്. ഇവിടങ്ങളിൽ നിന്ന് മേശവലിപ്പിൽ സൂക്ഷിച്ച പണം മോഷണം പോയെന്ന് ഉടമകൾ പറഞ്ഞു. ബീവറേജ്സ് ഔട്ട്‌ലെറ്റ് മാനേജർ ഷജിലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.പൊലീസ് ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.
മോഷണം നടത്തിയത് രണ്ടംഗസംഘം
കൃത്യം പുലർച്ചെ രണ്ടരയോടെ
സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പുലർച്ചെ 2.30 തോടെ മുഖം മൂടിയും ഗ്ലൗസും ധരിച്ച് രണ്ട് പേർ എത്തി പൂട്ട് തകർക്കുന്നതും മദ്യകുപ്പികളുമായി പുറത്തേക്ക് വരുന്ന ദൃശ്യങ്ങളുമുണ്ട്. ബീവറേജിൽ മോഷണം നടത്തിയ ശേഷമാണ് മറ്റ് കടകളിൽ മോഷ്ടാക്കൾ കയറിയത്. ഇവിടങ്ങളിൽ സാധനങ്ങൾ എല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു.
മേശവലിപ്പും തുറന്നിട്ടിരുന്നു. ബീവറേജസ് പ്രീമിയം ഔട്ട്‌ലെറ്റിൽ 25000 രൂപ വരെ വിലവരുന്ന മദ്യകുപ്പികൾ ഉണ്ടായിരുന്നു. സ്റ്റോക്ക് പരിശോധിച്ച് വരികയാണെന്നും ഇതിന് ശേഷമേ മോഷണത്തിന്റെ വ്യാപ്തി അറിയുകയുള്ളുവെന്ന് ബീവറേജ് ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ ജൂണിലും ബീവറേജ് ഔട്ട്‌ലെറ്റിൽ മോഷണം നടന്നിരുന്നു. അന്ന് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.