യുവാവിന് ക്രൂരമർദ്ദനം: പ്രതികൾ അറസ്റ്റിൽ
Wednesday 20 August 2025 2:21 AM IST
കൊച്ചി: വാഹനപാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. വൈറ്റില ചളിക്കവട്ടം സ്വദേശി മനീഷ്‌കുമാർ (34), പൊന്നുരുന്നി സ്വദേശി സുജിത്ത് (42) എന്നിവരാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.
വൈറ്റില പൊന്നുരുന്നി ഭാഗത്ത് 17ന് രാത്രിയായിരുന്നു ആക്രമണം. യുവാവിന്റെ സുഹൃത്ത് കുടുംബത്തോടൊപ്പം വന്ന ഓട്ടോ റോഡരികിൽ പാർക്ക് ചെയ്തതിനെ മദ്യലഹരിയിൽ പ്രതികൾ ചോദ്യംചെയ്തു. സംഭവത്തിൽ ഇടപെട്ട യുവാവിനെ പ്രതികൾ ചേർന്ന് മർദ്ദിച്ചതായി പൊലീസ് പറഞ്ഞു. ആക്രമണത്തിൽ യുവാവിന്റെ മൂക്കിന്റെ പാലം പൊട്ടുകയും പല്ലിളകി തെറിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.