പ്രൊഫസറിൽ നിന്ന് 9.45 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

Wednesday 20 August 2025 1:15 AM IST

ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിംഗ് കമ്പനിയുടെ പേരിൽ ആലപ്പുഴ മുല്ലക്കൽ സ്വദേശിനിയായ കോളേജ് പ്രൊഫസറിൽ നിന്ന് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിലായി. ഗുജറാത്ത് ഗാന്ധിധാം സ്വദേശി മഹേശ്വരി മനീഷ് ദേവ്ജിഭായിയേയാണ് (21) ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയിൽ നിന്ന് പണം അയച്ചുവാങ്ങിയ ബാങ്ക് അക്കൗണ്ട് ഉടമയാണിയാൾ.

സ്വകാര്യ കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി പരാതിക്കാരിയെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. മാർച്ചിൽ പരാതിക്കാരിയുടെ ഫേസ്ബുക്കിൽ കണ്ട പരസ്യത്തിലെ ലിങ്ക് വഴി ഷെയർ ട്രേഡിംഗ് കമ്പനിയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും തുടർന്ന് കമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞ് പ്രതികൾ ബന്ധപ്പെടുകയുമായിരുന്നു. ട്രേഡിംഗ് നിക്ഷേപമെന്ന പേരിൽ തട്ടിപ്പുകാർ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചുവാങ്ങി. അയച്ച പണം വ്യാജ വെബ്സൈറ്റിൽ ലാഭം സഹിതം പ്രദർശിപ്പിച്ചു വിശ്വസിപ്പിച്ചു. മാർച്ച് 11 മുതൽ 21 വരെ 9.45 ലക്ഷം രൂപയാണ് തട്ടിയത്. ലാഭം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കൂടുതൽ തുക ടാക്സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് മനസിലായത്. നഷ്‌ടമായ തുകയിൽ നാലുലക്ഷത്തോളം രൂപ പിടിച്ചെടുക്കാൻ കഴിഞ്ഞു. ഇതിൽ 2.37 ലക്ഷം രൂപ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം തിരികെ നൽകി. ബാക്കി തുക നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സുഹൃത്തായ സുഹൈൽ താക്കറിന്റെ നിർദ്ദേശപ്രകാരമാണ് അക്കൗണ്ടിലേക്ക് പണം വാങ്ങിയതെന്നും ഇതിന് കമ്മിഷൻ ലഭിച്ചെന്നും പിടിയിലായ മനീഷ് പൊലീസിനോട് പറഞ്ഞു. സുഹൈലിനെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. ആലപ്പുഴ ഡി.സി.ആർ.ബി ഡി.വൈ.എസ്.പി എം.എസ്. സന്തോഷിന്റെ നിർദ്ദേശപ്രകാരം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സി.ഐ ഏലിയാസ് പി. ജോർജിന്റെ നേതൃത്വത്തിൽ എസ്.ഐ വി.എസ്. ശരത്ചന്ദ്രൻ, എസ്.സി.പി.ഒ എം.എം. മഹേഷ്, സി.പി.ഒമാരായ ആർ. അഖിൽ, ജേക്കബ് സേവ്യർ, ഒ.കെ. വിദ്യ എന്നിവരടങ്ങുന്ന അന്വേഷണസംഘം ഗുജറാത്തിലെ ഗാന്ധിധാമിലെത്തിയാണ് പ്രതിയെ പിടികൂടിയത്.