വൃദ്ധയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ

Wednesday 20 August 2025 12:33 AM IST

ഉള്ളൂർ: ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മദ്ധ്യവയസ്കനെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി.പ്രശാന്ത് നഗർ ഐത്തടി ലെയ്‌നിൽ സുരഭി ഗാർഡൻസിൽ ഗൗരി നന്ദനം വീട്ടിൽ ടി.പി.മധുവിനെയാണ് (58) പിടികൂടിയത്.ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ പ്രശാന്ത് നഗർ ജംഗ്ഷനിലെ പരാതിക്കാരിയുടെ വീട്ടിലായിരുന്നു സംഭവം.

ഹെൽമെറ്റ് ധരിച്ച് മുഖം മറച്ച് പിൻവശത്തെ വാതിലിൽ കൂടിയാണ് പ്രതി വൃദ്ധയുടെ വീട്ടിൽ കയറിയത്.കൈയിൽ കരുതിയിരുന്ന കൈലിമുണ്ട് ഉപയോഗിച്ച് വൃദ്ധയുടെ മുഖം മറച്ചും,​വായിൽ തോർത്ത് തിരുകിയും ഇവർ ധരിച്ചിരുന്ന ഒന്നര പവൻ വരുന്ന മാലയും മോതിരവും ഊരിയെടുത്ത് കടന്നുകളയുകയായിരുന്നു. ഇയാളുടെ മർദ്ദനത്തിൽ വൃദ്ധയുടെ കീഴ്‌ച്ചുണ്ടിൽ മുറിവുണ്ട്.കവർന്ന ആഭരണങ്ങൾ ചാലയിലെ ജുവലറിയിൽ വിറ്റശേഷം പ്രതി ഒളിവിൽ പോയിരുന്നു.

മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഷാഫിയുടെ നേതൃത്വത്തിൽ സി.സി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിതാവ് മരിച്ചതിനെ തുടർന്ന് ലഭിച്ച സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം സമീപത്തെ ബേക്കറിയിൽ ചായ മേക്കറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ.

ഇയാൾക്ക് 12 ലക്ഷം രൂപ കടമുണ്ടെന്നാണ് ബന്ധുക്കൾ നൽകിയ മൊഴി. കടം തീർക്കാനാണ് മോഷണം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. നാട്ടിൽ മാന്യനായി നടന്ന ഇയാൾ മോഷണക്കേസിൽ പ്രതിയായതോടെ നാട്ടുകാർ അമ്പരപ്പിലാണ്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.