തദ്ദേശ തിരഞ്ഞെടുപ്പ് : നഷ്ടപ്രതാപം വീണ്ടെടുക്കാൻ യു.ഡി.എഫ്‌

Wednesday 20 August 2025 12:00 AM IST

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുക്കവുമായി അങ്കത്തട്ടിൽ മുന്നണികൾ. വോട്ടർ പട്ടിക വിവാദം കൊഴുക്കുമ്പോഴും തദ്ദേശ പട്ടികയിൽ പരമാവധി വോട്ടർമാരെ ചേർക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രവർത്തകർ. വാർഡ് പുനഃ സംഘടനകൾ വന്നതോടെ ഭൂരിഭാഗം പഞ്ചായത്തിലും സംവരണ സീറ്റുകളിൽ നറുക്കെടുപ്പ് വേണ്ടിവരും. സെപ്തംബർ അവസാനമോ ഒക്ടോബർ ആദ്യവാരമോ വാർഡ് തല നറുക്കെടുപ്പ് നടക്കും. നവംബർ അവസാനമോ ഡിസംബർ ആദ്യമോ തിരഞ്ഞെടുപ്പ് നടന്നേക്കും. ജില്ലയിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിനായിരുന്നു മുൻതൂക്കം. ഇത്തവണ വാശിയേറിയ പേരാട്ടത്തിനാകും ജില്ല സാക്ഷ്യം വഹിക്കുക.

അടിത്തട്ടിലിറങ്ങി യു.ഡി.എഫ്

നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഒപ്പമുള്ള എല്ലാ ഘടകകക്ഷികളെയും കോർത്തിണക്കുകയാണ് യു.ഡി.എഫ്. പരമാവധി തദ്ദേശ സ്ഥാപനങ്ങളിൽ അധികാരത്തിലെത്തുകയാണ് ലക്ഷ്യം. പ്രധാന ഘടകകക്ഷികളായ കോൺഗ്രസും മുസ്ലീം ലീഗും ഒപ്പം മറ്റ് ഘടകകക്ഷികളും മാസങ്ങൾക്ക് മുമ്പേ അടിത്തട്ടിലുള്ള പ്രവർത്തനമാരംഭിച്ചു. കോൺഗ്രസ് ഇത്തവണ ബൂത്തുതലം കേന്ദ്രീകരിച്ച് എല്ലായിടത്തും പരമാവധി വോട്ടർമാരെ പട്ടികയിൽ ചേർത്തു. പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടുകയെന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് അവസാനത്തിൽ എല്ലാ വീടുകളിലും ഗൃഹസമ്പർക്കം നടത്തും. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഫണ്ട് ശേഖരണവും നടത്തും.

കുറ്റപ്പത്രവും വികസന രേഖയും

യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ വികസനരേഖയും പ്രതിപക്ഷത്തുള്ള സ്ഥലങ്ങളിൽ കുറ്റപത്രവും തയ്യാറാക്കി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. അതോടൊപ്പം പ്രദേശികതലങ്ങളിൽ സമരപരിപാടികളും ആവിഷ്‌കരിച്ചാണ് പ്രവർത്തനം. അതോടൊപ്പം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകും.

യു.ഡി.എഫ് പ്രകടനം

ആകെ പഞ്ചായത്തുകൾ 86 യു.ഡി.എഫ് 16 ബ്ലോക്ക് പഞ്ചായത്ത് 17 യു.ഡി.എഫ് 3 മുനിസിപ്പാലിറ്റി 7 യു.ഡി.എഫ് 2

കോർപ്പറേഷൻ

55 ഡിവിഷൻ യു.ഡി.എഫ് 24

ജില്ലാ പഞ്ചായത്ത് 29 യു.ഡി.എഫ് 5

യു.ഡി.എഫ് ഘടക കക്ഷികൾ

കോൺഗ്രസ് മുസ്ലീം ലീഗ് കേരള കോൺഗ്രസ് (ജേക്കബ്) കേരള കോൺഗ്രസ് ( പി.ജെ.ജോസഫ്) ആർ.എസ്.പി( ഷിബു ബേബിജോൺ) ഫോർവേഡ് ബ്ലോക്ക് സി.എം.പി കെ.ഡി.പി ജെ.എസ്.എസ് (രാജൻ ബാബു)

ഇത്തവണ കോർപ്പറേഷനുൾപ്പെടെ ഭൂരിഭാഗം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും യു.ഡി.എഫ് കരസ്ഥമാക്കും. അതിനുള്ള പ്രവർത്തനം മാസങ്ങൾക്ക് മുമ്പേ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്.

അഡ്വ.ജോസഫ് ടാജറ്റ് ഡി.സി.സി പ്രസിഡന്റ്.

യു.ഡി.എഫിലെ എല്ലാ ഘടകക്ഷികളും തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. മികച്ച വിജയം ഇത്തവണ യു.ഡി.എഫിന് നേടാൻ സാധിക്കും.

കെ.ആർ.ഗിരിജൻ യു.ഡി.എഫ് ജില്ലാ കൺവീനർ.