പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന്
വർക്കല: വ്യാജ പീഡനക്കേസ് നൽകി പ്രവാസി വ്യവസായിൽ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് പരാതി. ചെമ്മരുതി തച്ചോട് ഗുരുകൃപയിൽ ഷിബുവിന്റെ പരാതിയിൽ വക്കം സ്വദേശിയായ യുവതിയെയും വർക്കലയിലെ പ്രമുഖ അഭിഭാഷകനെയും പ്രതി ചേർത്ത് അയിരൂർ പൊലീസ് കേസെടുത്തു. വിസ ഇടപാടുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ സ്റ്റേഷനിൽ വച്ച് പണം വാങ്ങി ഒത്തുതീർപ്പായ പരാതിയിന്മേൽ വീണ്ടും യുവതി ഷിബുവിനോട് പണം ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ വ്യാജ പീഡനക്കേസ് നൽകുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് എഫ്.ഐ.ആർ. ആദ്യ പരാതിയിന്മേൽ പൊലീസ് നടപടി സ്വീകരിക്കാത്തതിനാൽ ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുകയുമായിരുന്നു. എന്നാൽ യുവതിയും അഭിഭാഷകനും ചേർന്ന് ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ചും സമ്മർദ്ദം ചെലുത്തിയും പീഡന പരാതി സമീപ ദിവസം രജിസ്റ്റർ ചെയ്യിപ്പിച്ചതായും ഷിബുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. രണ്ട് കേസുകളിലും അന്വേഷണം പുരോഗമിക്കുന്നുവെന്ന് അയിരൂർ എസ്.എച്ച്.ഒ വ്യക്തമാക്കി.