ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: സുദർശൻ റെഡ്ഡി പ്രതിപക്ഷ സ്ഥാനാർത്ഥി
ന്യൂഡൽഹി: സുപ്രീംകോടതി മുൻ ജഡ്‌ജിയും നിയമജ്ഞനുമായ ബി. സുദർശൻ റെഡ്ഡി (79) ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 'ഇന്ത്യ" മുന്നണിയുടെ സ്ഥാനാർത്ഥിയാകും. ആന്ധ്രാ പ്രദേശ് സ്വദേശിയാണ്. തമിഴ്നാട്ടുകാരനായ എൻ.ഡി.എ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്‌ണനെ നേരിടാൻ അവിടെ നിന്ന് തന്നെ സ്ഥാനാർത്ഥിയെ കണ്ടെത്തുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ അവസാന നിമിഷം വരെ 'ഇന്ത്യ" മുന്നണി സർപ്രൈസ് സൂക്ഷിച്ചു.
എൻ.ഡി.എ നേതാക്കൾ സമവായത്തിന് ശ്രമിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയാണ് സുദർശൻ റെഡ്ഡിയുടെ പേര് പ്രഖ്യാപിച്ചത്. ഇതോടെ രണ്ട് ദക്ഷിണേന്ത്യൻ സ്ഥാനാർത്ഥികളുടെ ഏറ്റുമുട്ടലിന് കളമൊരുങ്ങി. രാധാകൃഷ്‌ണൻ ഇന്നും സുദർശൻ റെഡ്ഡി നാളെയും നാമനിർദ്ദേശപത്രിക സമർപ്പിക്കും.
തിരഞ്ഞെടുപ്പ് ആശയപരമായ പോരാട്ടമാണെന്ന് ഖാർഗെ പ്രതികരിച്ചു. ഇന്ത്യയുടെ മൂല്യങ്ങൾ ആക്രമിക്കപ്പെടുന്നു. അതിനാൽ സ്ഥാനാർത്ഥിയെ നിറുത്തണമെന്നത് പ്രതിപക്ഷം ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു. സുദർശൻ റെഡ്‌ഡി ഭരണഘടനാ-ജനാധിപത്യ മൂല്യങ്ങൾ പിന്തുടരുന്ന വ്യക്തിത്വമാണ്. അതിനാലാണ് അദ്ദേഹത്തെ തീരുമാനിച്ചത്. എൻ.സി.പി ശരദ് വിഭാഗം നേതാവ് ശരദ് പവാർ, ഡി.എം.കെയിലെ കനിമൊഴി തുടങ്ങി എല്ലാ പ്രധാന നേതാക്കളും പിന്തുണച്ചു. ആംആദ്മി പാർട്ടിയും അനുകൂലിച്ചു.