അധ്യാപകരും വിദ്യാർത്ഥിയും ഗ്രന്ഥകർത്താക്കളായി; അൽഫോൻസയിൽ മൂന്ന് ബുക്കുകൾ പിറന്നു

Wednesday 20 August 2025 1:10 AM IST

പാലാ: അദ്ധ്യാപകരും വിദ്യാർത്ഥിയും ഒരുമിച്ച് ഗ്രന്ഥകർത്താക്കളായപ്പോൾ പാലാ അൽഫോൻസ കോളേജിൽ മൂന്ന് ബുക്കുകൾ പിറന്നു. അദ്ധ്യാപക കൂട്ടായ്മ പ്രകടമായതിനൊപ്പം വൈജ്ഞാനിക മേഖലയ്ക്കും സംഭാവനയാണ് ഈ പുസ്തകങ്ങൾ. കോളജിലെ 27 അദ്ധ്യാപക രുടെ കൂട്ടായ്മയിലാണ് ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത്; 'ദ എത്തിക്കൽ സെൽഫ്, പെർസ്‌പെ്ര്രകീവ് ഓഫ് മൊറാലിറ്റി ഇൻ ദ മോഡേൺ വേൾഡ്' എന്ന പുസ്തകമാണ് അദ്ധ്യാപകരുടെ അക്ഷരക്കൂട്ടിലൂടെ പുറത്ത് വന്നത്. ഡോ. ടി.ആർ അമ്പിളി, ഡോ. റോസ് മേരി ഫിലിപ്പ് എന്നിവരാണ് ഈ പുസ്തകത്തിന്റെ എഡിറ്റിംഗ് നടത്തിയത്. 25 അദ്ധ്യാപകർ ധാർമ്മിക മൂല്യങ്ങളെക്കുറിച്ച് എഴുതിയ ലേഖനങ്ങൾ ചേർത്തൊരുക്കിയതാണ് പുസ്തകം.

റവ. ഡോ. ഷാജി ജോൺ, ഡോ. നവിത എലിസബത്ത് എന്നിവർ ചേർന്നാണ് രണ്ടാമത്തെ പുസ്തകം സമ്മാനിച്ചത്; 'ബാറ്റിൽസ് ഇൻ ദ ബാൺയാഡ്, ഇൻഫാംസ് ക്രൂസേഡ് ഫോർ കേരള ഫാർമേഴ്‌സ്' എന്ന പുസ്തകമാണിത്.

മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി നെഹ്മത് ആൻ അങ്ങാടിയത്ത് എഴുതിയ 25 ഇംഗ്ലീഷ് കവിതകൾ ചേർത്ത അൺറ്റെതേഡ് എന്ന കവിതാ സമാഹാരവും പുറത്തിറങ്ങി.

പുസ്തകങ്ങളുടെ പ്രകാശനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ആദ്യ കോപ്പി പാലാ രൂപത മുഖ്യവികാരി ജനറാളും കോളജ് മാനേജരുമായ മോൺ. ഡോ. ജോസഫ് തടത്തിൽ ഏറ്റുവാങ്ങി.

സുനിൽ പാലാ

ഫോട്ടോ 1, 2 പുസ്തകങ്ങളുടെ കവർ 3. പാലാ അൽഫോൻസാ കോളേജിലെ അധ്യാപകരും വിദ്യാർത്ഥിയും ചേർന്നെഴുതിയ പുസ്തകങ്ങളുടെ പ്രകാശനം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കുന്നു. മുഖ്യവികാരി ജനറാളും കോളേജ് മാനേജരുമായ മോൺ. ഡോ. ജോസഫ് തടത്തിലാണ് പുസ്തകം ഏറ്റുവാങ്ങുന്നത്.