ആ ആനച്ചന്തം ഇനി ഓർമ്മ: അയ്യപ്പന് കണ്ണീരോടെ വിട

Wednesday 20 August 2025 1:13 AM IST
ഈരാറ്റുപേട്ട അയ്യപ്പന് അന്തിമോപചാരമർപ്പിക്കുന്നവർ

കോട്ടയം: ആനപ്രേമികളുടെ മനസിൽ സ്നേഹത്തോടെ കൊമ്പുകുലുക്കി നിന്ന ഈരാറ്റുപേട്ട അയ്യപ്പൻ ചെരിഞ്ഞു. നാലുമാസമായി നാഡീസംബന്ധമായ അസുഖങ്ങളിൽപെട്ട് ചികിത്സയിലായിരുന്ന ഈരാറ്റുപേട്ട അയ്യപ്പൻ ഇന്നലെ രാവിലെയാണ് കണ്ണീരോർമയായത്.

1977 ഡിസംബർ 20നാണ് അയ്യപ്പനെ കോടനാട് ആനക്കൂട്ടിൽനിന്ന് നേരിട്ട് ഈരാറ്റുപേട്ട വെള്ളൂക്കുന്നേൽ പരവൻപറമ്പിൽ കുഞ്ഞൂഞ്ഞ് എന്ന ജോസഫ് തോമസും ഭാര്യ ഈത്താമ്മയും ലേലത്തിൽ വാങ്ങുന്നത്. അന്ന് ഏഴു വയസിനടുത്തായിരുന്നു പ്രായം. അമ്പത് വർഷത്തോളമായി ഇവരുടെ കൈവശം ആയിരുന്നു. ആരാം എന്നായിരുന്നു ആദ്യ പേര്. പിന്നീടാണ് ആനപ്രേമികളുടെ സ്നേഹ വാത്സല്യമേറ്റുവാങ്ങിയ ഈരാറ്റുപേട്ട അയ്യപ്പനായി മാറിയത്. കോടനാട് ആനക്കളരിയിൽ നിന്ന് അവസാനം ലേലംവിളിച്ച ആനകളിൽ ഒന്നായിരുന്നു അയ്യപ്പൻ.

നാലുമാസം മുമ്പ് കൊല്ലം ചടയമംഗലത്തും തൃശൂരിലും ചേർത്തലയിലും ആന കുഴഞ്ഞുവീണിരുന്നു. പിന്നീട്, സ്വയം എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് വീണുപോവുകയായിരുന്നു.

ശാന്തപ്രകൃതൻ

തൃശൂർ പൂരം ഉൾപ്പടെ കേരളത്തിലെ മിക്ക ജില്ലകളിലേയും ഒട്ടുമിക്ക ഉത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ശാന്തപ്രകൃതക്കാരനായിരുന്നതിനാൽ എല്ലാവർക്കും പ്രത്യേക ഇഷ്ടമായിരുന്നു അയ്യപ്പനോട്. ലക്ഷണശാസ്ത്രത്തിൽ പറയുന്ന ലക്ഷണങ്ങളെല്ലാം അയ്യപ്പനിൽ ദൃശ്യമായിരുന്നു. കൊഴുത്ത കറുത്തിരുണ്ട ശരീരം, അമരംകവിഞ്ഞും നീണ്ട വാലും ഒത്ത തുമ്പിയും കൊമ്പും. ചെവിയുടെ താഴ്ഭാഗത്തും വായുകുംഭത്തിന് താഴെയുമായി ഭംഗിയോടെ വിന്യസിക്കപ്പെട്ട മദകരി, ഭംഗിയുള്ള കണ്ണുകള് ഇതൊക്കെ അയ്യപ്പനെ ആരാധകർക്കിടയിൽ ആനച്ചന്തത്തിന്റെ അവസാന വാക്കാക്കി. ഐരാവതസമൻ ഗജരാജൻ, ഗജരത്നം ഗജോത്തമൻ, കളഭകേസരി, തിരുവിതാംകൂർ ഗജശ്രേഷ്ഠൻ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും ലഭിച്ചിട്ടുള്ള ഗജവീരനായിരുന്നു ഈരാറ്റുപേട്ട അയ്യപ്പൻ. അയ്യപ്പന് അന്തിമോപചാരമർപ്പിക്കാൻ നിരവധി ആനപ്രേമികളാണ് എത്തിയത്. സംസ്കാരം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ.