കയറ്റുമതി പുനഃരാരംഭിക്കാൻ ചൈന ഇന്ത്യയ്‌ക്ക് ധാതുക്കളും വളവും യന്ത്രങ്ങളും നൽകും

Wednesday 20 August 2025 1:14 AM IST

ന്യൂഡൽഹി: 2020ലെ അതിർത്തി സംഘർഷത്തെ തുടർന്ന് നിറുത്തിവച്ച ഇന്ത്യയിലേക്കുള്ള വളം, അപൂർവ ഭൗമധാതുക്കൾ, വൻകിട യന്ത്രങ്ങൾ തുടങ്ങിയവയുടെ കയറ്റുമതി ചൈന പുനഃരാരംഭിക്കും. ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യമറിയിച്ചത്.

ഇന്ത്യക്കാവശ്യമുള്ള യൂറിയ, ഡൈഅമോണിയം, ഫോസ്‌ഫേറ്റ്, ഡി.ഐ.പി എന്നീ വളങ്ങളും, സ്മാർട്ട് ഫോണുകൾ, സൈനിക ഉപകരണങ്ങൾ എന്നിവ നിർമ്മിക്കാനുള്ള അപൂർവ ഭൗമധാതുക്കളും തുരങ്ക നിർമ്മാണത്തിനടക്കം ഉപയോഗിക്കുന്ന വൻകിട യന്ത്രങ്ങളുടെയും വിതരണം പുനഃസ്ഥാപിക്കണമെന്ന് കഴിഞ്ഞ മാസം ചൈന സന്ദർശിച്ച ജയശങ്കർ ആവശ്യപ്പെട്ടിരുന്നു

ഇന്ത്യക്കു വേണ്ട വളത്തിന്റെ 30 ശതമാനവും ചൈനയിൽ നിന്നാണെത്തുന്നത്. 2024 ഒക്‌ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും നടത്തിയ കൂടിക്കാഴ്ചയിൽ അതിർത്തി സംഘർഷം പരിഹരിക്കാൻ തീരുമാനിച്ചിരുന്നു. പിന്നാലെയാണ് കയറ്റുമതി, വിമാന യാത്ര, തീർത്ഥയാത്ര തു‌ടങ്ങി മുടങ്ങിക്കിടന്ന പലതും പുനഃരാംരംഭിക്കാൻ ചർച്ച തുടങ്ങിയത്. യു.എസിന്റെ തീരുവ പ്രഖ്യാപനവും ഇന്ത്യ-ചൈന വ്യാപാര ബന്ധം ശക്തമാകാൻ കാരണമായി.