ഇന്ത്യ - ചൈന ബന്ധം ലോക പുരോഗതിയിൽ നിർണായകം: മോദി
ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധം ലോകത്തിന്റെ പുരോഗതിയിൽ നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിർത്തിയിലെയും ലോകത്തിന്റെയും സമാധാനത്തിനും അഭിവൃദ്ധിക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം അനിവാര്യമാണെന്നും മോദി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം എക്‌സിൽ കുറിച്ചു. കഴിഞ്ഞ വർഷം റഷ്യയിലെ കസാനിൽ വച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഇന്ത്യ-ചൈന ബന്ധം പുരോഗതിയുടെ പാതയിലാണെന്നും മോദി പറഞ്ഞു.
അതേസമയം, ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി പ്രത്യേക ചർച്ച നടത്തുമെന്ന് മോദി അറിയിച്ചു. വാങ് യി മോദിയ്ക്ക് ഷിയുടെ ക്ഷണക്കത്തും കൈമാറി. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് വാങ് യി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. ഷാങ്ഹായ് കോഓപ്പറേഷൻ ഉച്ചകോടിക്കായി പ്രധാനമന്ത്രി ചൈന സന്ദർശിക്കാനിരിക്കെയാണ് കൂടിക്കാഴ്ച.