ഒരുമാസം ജയിലിലായാൽ മന്ത്രി സ്ഥാനം തെറിക്കും

Wednesday 20 August 2025 2:48 AM IST

ന്യൂഡൽഹി: അഞ്ചുവർഷമോ അതിൽ കൂടുതലോ ശിക്ഷാർഹമായ ഏതെങ്കിലും കുറ്റത്തിന് ഒരുമാസം വരെ തടവിലാകുന്ന പ്രധാനമന്ത്രി,മുഖ്യമന്ത്രി തുടങ്ങി ഉന്നത പദവികളിലുള്ളവരെ നീക്കാൻ വ്യവസ്ഥയുള്ള ബില്ലുമായി സർക്കാർ. ഇതിനായി 130-ാം ഭരണഘടനാ ഭേദഗതി അടക്കം ബില്ലുകൾ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിക്കും.

ഇങ്ങനെ തടവിലുള്ള മുഖ്യമന്ത്രിയേയും മന്ത്രമാരെയും 31-ാം ദിവസം പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതിക്ക് സ്ഥാനത്തുനിന്ന് നീക്കം ചെയ്യാം. ശിക്ഷ ലഭിച്ചിട്ടില്ലെങ്കിൽ പോലും നീക്കം ചെയ്യാൻ കഴിയുന്ന വ്യവസ്ഥയാണ് ബില്ലിലുള്ളത്. അധികാരത്തിലുള്ള പ്രധാനമന്ത്രിയാണ് സമാനമായ രീതിയിൽ അറസ്റ്റിലാകുന്നതെങ്കിൽ 31-ാം ദിവസം രാജിവയ്‌ക്കണം. ഇല്ലെങ്കിൽ അടുത്ത ദിവസം മുതൽ പദവിയിലിരിക്കാൻ യോഗ്യനല്ല.