മെക്‌സിക്കോയിൽ റോഡരികിൽ മനുഷ്യ തലകൾ

Wednesday 20 August 2025 7:18 AM IST

മെക്സിക്കോ സിറ്റി: മദ്ധ്യ മെക്സിക്കോയിൽ റോഡരികിൽ ഛേദിക്കപ്പെട്ട നിലയിൽ ആറ് മനുഷ്യരുടെ തലകൾ കണ്ടെത്തി. പ്യൂബ്ല, ട്‌ലാസ്‌കാല സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന റോഡിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇതുവഴി സഞ്ചരിച്ച വാഹന ഡ്രൈവർമാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. പുരുഷൻമാരാണ് കൊല്ലപ്പെട്ടതെന്ന് കരുതുന്നു. പടിഞ്ഞാറൻ മെക്സിക്കോയിലെ ഹലിസ്കോ സംസ്ഥാനത്ത് അടുത്തിടെ മനുഷ്യരുടെ മൃതദേഹാവശിഷ്ടങ്ങൾ ഉൾക്കൊള്ളുന്ന ഒരു രഹസ്യ കുഴിമാടവും കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് മാഫിയ സംഘങ്ങളുമായി സംഭവങ്ങൾക്ക് ബന്ധമുണ്ടെന്ന് കരുതുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.