കൊളംബിയൻ മുൻ പ്രസിഡന്റിന്റെ വീട്ടുതടങ്കൽ റദ്ദാക്കി

Wednesday 20 August 2025 7:19 AM IST

ബൊഗോട്ട: കൊളംബിയയുടെ മുൻ പ്രസിഡന്റ് അൽവാറോ ഉറീബേയ്ക്ക് (73) 12 വർഷം വീട്ടുതടങ്കൽ വിധിച്ച കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. ഈ മാസം ആദ്യമാണ് തനിക്കെതിരെയുള്ള കേസിലെ സാക്ഷികളെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അൽവാറോയ്ക്ക് വീട്ടുതടങ്കൽ വിധിച്ചത്. ആരോപണങ്ങൾക്കെതിരെ അൽവാറോ അപ്പീൽ നൽകിയിരുന്നു.

കൊളംബിയയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുൻ പ്രസിഡന്റ് കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടത്. അൽവാറോയ്ക്ക് പൊതുസ്ഥാപനങ്ങളിലേക്ക് മത്സരിക്കാനാകില്ലെന്ന് വിധിച്ച കീഴ്ക്കോടതി ജഡ്ജി, അദ്ദേഹത്തിന് 5,78,000 ഡോളർ പിഴയും ചുമത്തിയിരുന്നു. താൻ നിരപരാധിയാണെന്ന് അൽവാറോ ആവർത്തിക്കുന്നു.

2002 മുതൽ 2010 വരെ പ്രസിഡന്റായിരുന്ന അൽവാറോ, ഇടതുപക്ഷ വിമത ഗ്രൂപ്പുകളെ അടിച്ചമർത്താൻ വലതുപക്ഷ അർദ്ധസൈനിക വിഭാഗങ്ങളുമായി ചേർന്ന് പ്രവർത്തിച്ചെന്ന് ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട്, ജയിലിൽ കഴിയുന്ന രണ്ട് മുൻ പാരാമിലിട്ടറി അംഗങ്ങൾക്ക് അൽവാറോയ്ക്ക് അനുകൂലമായി മൊഴി നൽകാൻ അദ്ദേഹത്തിന്റെ അഭിഭാഷകൻ പണം വാഗ്ദ്ധാനം ചെയ്തെന്നാണ് കേസ്. അൽവാറോയും അഭിഭാഷകനും ആരോപണങ്ങൾ നിഷേധിച്ചു.