യുവാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; പെൺസുഹൃത്തിന്റെ ഭർത്താവ് കസ്റ്റഡിയിൽ

Wednesday 20 August 2025 9:31 AM IST

പാലക്കാട്: യുവാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകൻ സന്തോഷ് (42) ആണ് മരിച്ചത്. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സന്തോഷിനെ ഒരാൾ വീട്ടിൽ കയറി മർദിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ സന്തോഷിന്റെ സുഹൃത്തായ യുവതിയുടെ ഭർത്താവ് മൂങ്കിൽമട സ്വദേശി ആറുച്ചാമിയെയാണ് (45) പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

അവിവാഹിതനായ സന്തോഷത്തിന് വിവാഹിതയായ യുവതിയുമായി സൗഹൃദമുണ്ടായിരുന്നു. ഇന്നലെ രാത്രി യുവതിയാണ് കൊലപാതക വിവരം പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്. ഭർത്താവ് സന്തോഷിനെ മർദിച്ചതായി പറഞ്ഞെന്നും ചെന്നുനോക്കിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടതെന്നും യുവതി പൊലീസിനോട് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സന്തോഷിനെ വീടിനകത്ത് തറയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് ഡോക്ടർ സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. നെറ്റിയിൽ മർദനമേറ്റതിന്റെ പാടുണ്ട്. ടിവിയിൽ കണക്ട് ചെയ്യുന്ന കേബിളും മൃതദേഹത്തിന് സമീപത്തായി കണ്ടെത്തി.