മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പുകേസ്; പ്രതികളെ സഹായിക്കാൻ നീക്കം, എസ്ഐയെ സ്ഥലം മാറ്റി
കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതികളെ സഹായിക്കുന്ന തരത്തിൽ നടപടിയെടുത്തെന്ന പരാതിയിൽ മരട് എസ്ഐയെ സ്ഥലംമാറ്റി. നടൻ സൗബിൻ ഷാഹിർ ഉൾപ്പെട്ട കേസിൽ കാലതാമസം ഉണ്ടാക്കി പ്രതികളെ സഹായിക്കുന്നതിനായി ബാങ്ക് ഇടപാടുകളുടെ പ്രധാന രേഖകൾ ഫയലിൽ നിന്നെടുത്ത് മാറ്റിയതിനാണ് എസ് ഐ കെകെ സജീഷിനെ എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. കേസിന്റെ പുരോഗതി വിലയിരുത്താൻ ഫയൽ വിളിച്ചുവരുത്തി ഡിസിപി പരിശോധന നടത്തിയ സമയത്താണ് ക്രമക്കേട് കണ്ടെത്തിയതെന്നാണ് വിവരം.
സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് നിർമാതാക്കൾക്കുമെതിരെ കേസെടുത്തത്. നിർമാണത്തിനായി സിറാജ് ഏഴുകോടി നൽകി. 50 ലക്ഷം മാത്രമാണ് തിരികെ നൽകിയത്. തിയേറ്റർ, ഒടിടി, സാറ്റലെെറ്റ് തുടങ്ങിയവ വഴി ലഭിക്കുന്ന വരുമാനത്തിന്റെ 40 ശതമാനം നൽകാമെന്നായിരുന്നു കരാർ ഇത് പാലിച്ചില്ല. ഇതുമൂലം സിറാജിന് 47 കോടിയുടെ നഷ്ടമുണ്ടായെന്നും പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ആഗോള തലത്തിൽ 235 കോടിയിലധികം രൂപ കളക്‌ട് ചെയ്‌ത ഇൻഡസ്‌ട്രി ഹിറ്റ് ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മൽ ബോയ്‌സ്. ഡിസ്‌നി ഹോട്ട്‌സ്റ്റാറാണ് സിനിമയുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത്.