പറവൂരിൽ വീട്ടമ്മയുടെ ആത്മഹത്യ; വട്ടിപ്പലിശക്കാരായ അയൽക്കാർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തും

Wednesday 20 August 2025 11:20 AM IST

കൊച്ചി: വട്ടിപ്പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് പറവൂർ സ്വദേശിനി ആശ പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തും. അയൽക്കാരിയായ ബിന്ദു, ഇവരുടെ ഭർത്താവ് പ്രദീപ് കുമാർ എന്നിവർക്കെതിരെയാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തുക. ആത്മഹത്യാക്കുറിപ്പിൽ ബിന്ദുവും പ്രദീപും പലതവണ ഭീഷണിപ്പെടുത്തിയെന്ന് ആശ എഴുതിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നിലവിൽ പറവൂർ താലൂക്ക് ആശുപത്രിയിൽ ആശയുടെ പോസ്റ്റ്‌മോർട്ടം നടക്കുകയാണ്. ആശയും ബിന്ദുവും തമ്മിൽ പത്ത് ലക്ഷം രൂപയുടെ കൈമാറ്റം നടന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ഇക്കാര്യം ആശയുടെ വീട്ടുകാർക്ക് അറിവില്ല. ഇത്രയും വലിയ തുക ബിന്ദുവിന് ലഭിച്ചത് എവിടെനിന്നാണ് എന്നതും പൊലീസ് അന്വേഷിക്കും.

2018ലെ ഉരുട്ടിക്കൊല കേസുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ സംഭവത്തിൽ സസ്‌പെൻഷനിലായ പൊലീസ് ഡ്രൈവറാണ് ബിന്ദുവിന്റെ ഭർത്താവ് പ്രദീപ്. കൈക്കൂലിക്കേസ് നിലനിൽക്കുന്നതിനാൽ വിരമിച്ച ശേഷവും പ്രദീപിന് മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. നിലവിൽ ഇയാൾ ഓട്ടോ ഓടിച്ച് ജീവിക്കുന്നുവെന്നാണ് പറയുന്നത്. അതിനാൽ, ഇവരുടെ സാമ്പത്തിക സ്രോതസ് പരിശോധിക്കും.

ഇന്നലെയാണ് കോട്ടുവള്ളി സൗത്ത് പൊക്കത്ത് ക്ഷേത്രത്തിന് സമീപം പുളിക്കത്തറ വീട്ടിൽ ബെന്നിയുടെ ഭാര്യ ആശ (46) മരിച്ചത്. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ഭീഷണിയെക്കുറിച്ച് വിശദമായി ആശ പറയുന്നുണ്ട്. കടംവാങ്ങിയ തുകയുടെ ഇരട്ടിയോളം കൊടുത്തിട്ടും പ്രദീപ്‌ കുമാറും ബിന്ദുവും ഭീഷണിപ്പെടുത്തിയെന്നും മക്കളെ മോശക്കാരാക്കാൻ ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ആത്മഹത്യാക്കുറിപ്പ് വീട്ടുകാർ പറവൂർ പൊലീസിന് കൈമാറി.

2022ൽ വീടുപണിക്കായി ബിന്ദുവിൽ നിന്ന് 10 ലക്ഷംരൂപ പലിശയ്ക്ക് ആശ വാങ്ങിയിരുന്നു. ഇരട്ടിത്തുക മടക്കി നൽകിയെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് കഴിഞ്ഞ 11ന് ആശ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മൂന്ന് ദിവസത്തെ ചികിത്സയ്ക്കുശേഷം വീട്ടിലെത്തിയ അന്നുതന്നെ പ്രദീപ്‌ കുമാർ ഭാര്യയുമായെത്തി 18 ലക്ഷം തരാനുണ്ടെന്ന് മുദ്രപ്പത്രത്തിൽ എഴുതി നൽകാൻ ആവശ്യപ്പെട്ടു. ഇതിന് ആശ തയ്യാറായില്ല.

ഭീഷണി തുടർന്നതോടെ ആലുവ എസ്പിക്ക് പരാതി നൽകിയിരുന്നു. സംഭവമന്വേഷിക്കാൻ പറവൂർ സർക്കിൾ ഇൻസ്പെക്ടർക്ക് എസ്.പി നിർദ്ദേശം നൽകി. തുടർന്ന് ഇരുകൂട്ടരെയും വിളിപ്പിച്ച പൊലീസ് തർക്കമുണ്ടെങ്കിൽ കോടതിയെ സമീപിക്കാനും ആശയുടെ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും നിർദ്ദേശിച്ചു. എന്നാൽ തിങ്കളാഴ്ച രാത്രി എട്ടിന് പ്രദീപ് കുമാറും ബിന്ദുവും വീണ്ടും ആശയുടെ വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കി. ഹെൽപ്പ്‌ലൈൻ നമ്പറായ 112ൽ ആശ വിളിച്ചറിയിച്ചിട്ടും പൊലീസ് എത്തിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇന്നലെ ഉച്ചയോടെ മകൾ മാത്രം വീട്ടിലുള്ളപ്പോഴാണ് ആശ പുറത്തുപോയത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് മകൾ സമീപത്തെ പുഴക്കടവിൽ എത്തിയപ്പോൾ ആശയുടെ ചെരുപ്പ് കണ്ടെത്തി. ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിട്ടിയത്. മക്കൾ: ഗോഡ്സൺ (ടാറ്റാ മോട്ടോർസ്, ചേരാനല്ലൂർ), ജീവനി (വിദ്യാർത്ഥി).