'അച്ഛന്റെ സുഹൃത്തുക്കൾ ഇതുവരെ പാര മാത്രമേ വച്ചിട്ടുള്ളൂ'; പുതിയ ചിത്രത്തിന്റെ പൂജയ്ക്കിടെ ധ്യാൻ ശ്രീനിവാസൻ

Wednesday 20 August 2025 11:50 AM IST

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം പുതിയ ചിത്രം 'ഭീഷ്മറി'ന്റെ പൂജ പാലക്കാട് വച്ച് നടന്നു. പാലക്കാട് കേന്ദ്രീകരിച്ച് നടക്കുന്ന ഒരു കോമഡി ത്രില്ലർ ചിത്രമാണിതെന്ന് ധ്യാൻ ശ്രീനിവാസൻ പൂജയ്ക്കിടെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. വർഷങ്ങൾക്ക് മുമ്പ് കേട്ട കഥയാണ്. വിജയൻ അങ്കിൾ അത് റീവർക്ക് ചെയ്തു. വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ അങ്കിളിനെ കാണുന്നത്. അദ്ദേഹം അച്ഛന്റെ അടുത്ത സുഹൃത്താണെന്നും അച്ഛന്റെ സുഹൃത്തുക്കളുമായുള്ള ബന്ധം അധികം പുലർത്താറില്ലെന്നും ധ്യാൻ ചിരിയോടെ പറഞ്ഞു.

അച്ഛന്റെ സുഹൃത്തുക്കൾ ഇതുവരെ ജീവിതത്തിൽ പാര മാത്രമേ വച്ചിട്ടുള്ളൂ എന്നും ധ്യാൻ തമാശയോടെ പറഞ്ഞു. ഇത് കേട്ട ഈസ്റ്റ് കോസ്റ്റ് വിജയൻ ഇവിടെയും ബെറ്ററൊന്നും പ്രതീക്ഷിക്കേണ്ടെന്ന് ചിരിയോടെ മറുപടി കൊടുത്തു. പാലക്കാട് പ്രിയപ്പെട്ട സ്ഥലമാണെന്നും ഒട്ടേറെ ചിത്രങ്ങൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും ധ്യാൻ കൂട്ടിച്ചേർത്തു. ഇതിനിടെ അമ്മ സംഘടനയിലെ പുതിയ ഭാരിവാഹികളെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ധ്യാൻ മറുപടി നൽകിയില്ല.

ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, സന്തോഷ് കീഴാറ്റൂർ, ദിവ്യ പിള്ള, ഇന്ദ്രൻസ്, ഷാജു ശ്രീധർ, സെന്തിൽ കൃഷ്ണ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.